പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ ഓസ്ട്രേലിയക്കെതിരെ സെമിഫൈനൽ കളിക്കാനെത്തിയത് രണ്ട് ദിവസം ഐസിയുവിൽ അഡ്മിറ്റായതിനു ശേഷമെന്ന് വിവരം. പാകിസ്താൻ ടീം മാനേജ്മെൻ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റിസ്‌വാനു പനിയാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട് എങ്കിലും പിന്നീട് താരത്തിന് കടുത്ത നെഞ്ചുവേദന ഉണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് റിസ്‌വാനെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. റിസ്‌വന രണ്ട് ദിവസം ഐസിയുവിൽ അഡ്മിറ്റ് ആയിരുന്നു എന്നാണ് വിവരം.
മത്സരത്തിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ ഫൈനലിലെത്തി. പാകിസ്താൻ മുന്നോട്ട് വെച്ച 177 റൺസ് വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഓസ്‌ട്രേലിയ മറികടന്നു. അവസാന ഓവറുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത മാത്യു വെയ്ഡും മാർക്കസ് സ്റ്റോയിനിസുമാണ് ഓസ്‌ട്രേലിയയ്ക്ക് അനായാസം ജയം സമ്മാനിച്ചത്. സ്റ്റോയിനിസ് 31 പന്തുകളിൽ 40 റൺസെടുത്തും മാത്യു വെയ്ഡ് വെറും 17 പന്തിൽ 41 റൺസ് നേടിയും പുറത്താവാതെ നിന്നു. 13ആം ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിൽ പതറിയ ഓസ്ട്രേലിയയെ ഇരുവരും ചേർന്ന് അവിശ്വസനീയ വിജയത്തിലെത്തിക്കുകയായിരുന്നു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ മുഹമ്മദ് റിസ്‌വാൻ്റെയും ഫഖർ സമാൻ്റെയും തകർപ്പൻ അർധസെഞ്ചുറികളുടെ കരുത്തിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. 52 പന്തിൽ 67 റൺസെടുത്ത റിസ്‌വാനാണ് പാക്കിസ്ഥാൻറെ ടോപ് സ്കോറർ. ഫഖർ സമൻ 32 പന്തിൽ 55 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ക്യാപ്റ്റൻ ബാബർ അസം 39 റൺസെടുത്തു. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് രണ്ടും ആദം സാംപ ഒരു വിക്കറ്റുമെടുത്തു.