മൊത്തവില സൂചിക ഉയർന്നു; ഒക്ടോബറിലെ പണപ്പെരുപ്പ നിരക്ക് 12.54 ശതമാനം

0
193

ദില്ലി: രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് അഞ്ച് മാസത്തെ ഉയർന്ന നിലവാരത്തിൽ. സെപ്റ്റംബറിൽ 10.66 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ഒക്ടോബറിൽ 12.54 ശതമാനമായി ഉയർന്നു. ഒരൊറ്റ വർഷത്തിനിടെ വലിയ കുതിപ്പാണ് മൊത്തവില സൂചിക അടിസ്ഥാനമായ പണപ്പെരുപ്പ നിരക്കിൽ ഉണ്ടായത്.

കഴിഞ്ഞവർഷം ഒക്ടോബറിൽ 1.31 ശതമാനമായിരുന്നു മൊത്തവില സൂചിക പ്രകാരമുള്ള പണപ്പെരുപ്പ നിരക്ക്. മിനറൽ ഓയിൽ, ലോഹം, ഭക്ഷ്യവസ്തു, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, രാസവസ്തുക്കൾ എന്നിവയുടെ വിലയിൽ ഒരുവർഷത്തിനിടെ ഉണ്ടായ വലിയ വർധനവാണ് പണപ്പെരുപ്പ നിരക്ക് കുതിച്ചുയരാൻ കാരണമായത്.

ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീടെയ്ൽ പണപ്പെരുപ്പ നിരക്ക് ഒക്ടോബറിൽ നേരിയ തോതിൽ ഉയർന്ന് 4.48ശതമാനമായിരുന്നു. സെപ്റ്റംബറിൽ 4.35ശതമാനമായിരുന്നു റീടെയ്ൽ പണപ്പെരുപ്പ നിരക്ക്. രാജ്യത്തെ മൊത്ത ഭക്ഷ്യ വില സൂചിക ഒക്ടോബറിൽ 3.06 ശതമാനമാണ്. 1.14 ശതമാനമായിരുന്നു സെപ്തംബറിലെ തോത്. സെപ്തംബറിനെ അപേക്ഷിച്ച് പച്ചക്കറിയുടെയും പഴവർഗങ്ങളുടെയും വിലയിൽ ഒക്ടോബറിൽ അഞ്ച് ശതമാനത്തോളം വിലവർധനവുണ്ടായി. അതേസമയം നവംബറിൽ കേന്ദ്രം ഇന്ധന വിലയിലെ എക്സൈസ് തീരുവ ഇളവ് ചെയ്തത് നേരിയ തോതിലെങ്കിലും പണപ്പെരുപ്പ നിരക്കിനെ സ്വാധീനിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here