മുംബൈ: ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെയുള്ള തോല്‍വിയെ തുടര്‍ന്ന് സൈബര്‍ ആക്രമണത്തിനിരയായ മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ 23കാരനായ രാംഗണേഷ് ശ്രീനിവാസ് അകുബതിനിയാണ് അറസ്റ്റിലായത്. മുംബൈ പൊലീസ് സ്‌പെഷ്യല്‍ ടീമാണ് ബുധനാഴ്ച ഉച്ചക്ക് ശേഷം ഇയാളെ പിടികൂടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇയാള്‍ ട്വിറ്റര്‍ അക്കൗണ്ട് വ്യാജമായി പാകിസ്ഥാന്‍ സ്വദേശിയുടേതെന്ന രീതിയിലാക്കിയിരുന്നു.
ഇയാളെ മുംബൈയിലേക്ക് കൊണ്ടുപോയി. ഇയാള്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ഫുഡ് ഡെലിവറി ആപ്ലിക്കേഷന്‍ സ്റ്റാര്‍ട്ട് അപ്പിലായിരുന്നു നേരത്തെ ഇയാള്‍ ജോലി ചെയ്തിരുന്നത്. പാകിസ്ഥാനെതിരെയുള്ള തോല്‍വിക്ക് ശേഷമാണ് ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണമുണ്ടായത്. രണ്ടാം മത്സരത്തിന് തൊട്ടുമുമ്പാണ് കോലി ഷമിയെ പിന്തുണച്ച് രംഗത്തെത്തിയത്.
ഷമിക്കെതിരെയുള്ള സൈബര്‍ ആക്രമണം നട്ടെല്ലില്ലാത്ത നടപടിയാണെന്നായിരുന്നു കോലിയുടെ പ്രതികരണം. തുടര്‍ന്ന് കോലിക്കെതിരെയും സൈബര്‍ ആക്രമണമുണ്ടായി. കോലിയുടെ മകള്‍ക്കെതിരെയുള്ള ബലാത്സംഗ ഭീഷണിയില്‍ ദില്ലി വനിതാ കമ്മീഷന്‍ പൊലീസിന് നോട്ടീസയച്ചിരുന്നു.