തിരികെ വിദ്യാലയത്തിലേക്ക്; ഒരിടവേളയ്ക്ക് ശേഷം വിദ്യാലയത്തിലേക്കെത്തുന്നത് പത്ത് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍

0
418

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകള്‍ തുറക്കും. നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടികള്‍ കേരളപ്പിറവി ദിനത്തില്‍ സ്‌കൂളുകളിലെത്തുന്നത്. എല്ലാം സ്‌കൂളുകളിലും രാവിലെ പ്രവേശനോത്സവം നടത്തും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആഘോഷപൂര്‍വമായി തന്നെ കുട്ടികളെ സ്‌കൂളിലേക്ക് വരവേല്‍ക്കും.

രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം.

കുട്ടികള്‍ സ്‌കൂളിലേക്ക് എത്തുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. പരമാവധി സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ഇതോടൊപ്പം ഒരു വലിയ ഇടവേളക്ക് ശേഷം സ്‌കൂളിലെത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിശദമായ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. അധ്യാപകര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി.

കൊവിഡ് അനുയോജ്യ പെരുമാറ്റരീതികള്‍ വിവിരിക്കുന്ന പോസ്റ്ററുകളും ബോര്‍ഡുകളും അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.

ആദ്യ രണ്ടാഴ്ച ഉച്ചവരെയാണ് ക്ലാസുകള്‍. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമാണ്. 1000 കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ആകെ കുട്ടികളുടെ 25 ശതമാനം ഒരു സമയത്ത് ക്ലാസിലെത്തുന്ന തരത്തിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

വിവിധ ബാച്ചുകളായി തിരിച്ചാണ് കുട്ടികളെ സ്‌കൂളിലെത്തിക്കുന്നത്. ഓരോ ബാച്ചിനും തുടര്‍ച്ചയായി മൂന്ന് ദിവസം ക്ലാസില്‍ വരാം. അടുത്ത് മൂന്ന് ദിവസം ക്ലാസിലെത്തുക അടുത്ത ബാച്ചിലെ കുട്ടികളാണ്.

ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. കുട്ടികള്‍ക്കൊപ്പമെത്തുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

അസുഖമുള്ള കുട്ടികളും രോഗികളുമായി സമ്പര്‍ക്കമുള്ള കുട്ടികളും സ്‌കൂളില്‍ വരേണ്ടതില്ലെന്നും, രോഗലക്ഷണം, പ്രാഥമികസമ്പര്‍ക്കം, പ്രാദേശികനിയന്ത്രണം എന്നിവയുള്ള സ്ഥലങ്ങളില്‍നിന്നുള്ള കുട്ടികളും ജീവനക്കാരും സ്‌കൂളില്‍ ഹാജരാകേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here