ഡിസംബറോടെ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാകും: കേന്ദ്രം

0
240

ന്യൂഡൽഹി∙ ഈ വർഷാവസാനത്തോടെ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാകുമെന്നു പ്രതീക്ഷിക്കുന്നതായി വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാൽ അറിയിച്ചു. രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ സർക്കാർ വിലയിരുത്തുകയാണെന്നു കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.

സാധാരണ നിലയിലേക്കു മടങ്ങാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിലും കോവിഡിന്റെ പുതിയ തരംഗത്തിനെതിരെ ജാഗ്രത പാലിക്കാൻ നടപടികൾ കൈക്കൊള്ളുമെന്ന് ജ്യോതിരാദിത്യ പറഞ്ഞു. ചില യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണിത്.

എല്ലാ രാജ്യാന്തര വിമാനങ്ങളും അവശ്യ സർവീസുകൾ ഒഴികെയുള്ള സർവീസുകൾ കോവിഡ് ലോക്ഡൗണിനെ തുടർന്നു കഴിഞ്ഞ മാർച്ചിൽ നിർത്തലാക്കിയിരുന്നു. എന്നാൽ, കോവിഡ് കേസുകളുടെ എണ്ണം കുറയുകയും കോവിഡ് വാക്സിനേഷൻ വർധിക്കുകയും ചെയ്തതോടെ ‘എയർ ബബിൾ’ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ ‍മറ്റു രാജ്യങ്ങളുമായി ചർച്ച ചെയ്ത് ഇളവു നൽകി.

രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വർഷം മേയിലാണു കേന്ദ്ര സർക്കാർ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്. രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പെന്ന നിലയിൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വീസ അനുവദിക്കുന്നതു പുനരാരംഭിക്കുമെന്ന് സർക്കാർ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. അത് നവംബർ 15ന് ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here