കൊച്ചി: ഇന്ധന വിലക്കെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്‍റെ (Joju George)കാർ തല്ലിത്തകര്‍ത്ത കേസില്‍ മുൻ മേയർ ടോണി ചമ്മിണി (tony chammany) ഉള്‍പ്പെടെ അഞ്ച് കോൺഗ്രസ് (congress) നേതാക്കൾക്ക് ജാമ്യം. കാറിനുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെക്കണമെന്ന ഉപാധിയിന്മേലാണ് ജാമ്യം അനുവദിച്ചത്. ഇതനുസരിച്ച് ഒരാൾ 37,500 വീതം കെട്ടിവെക്കണം. ഇതോടൊപ്പം
50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും വേണം. അതേ സമയം, രണ്ടാം പ്രതി ജോസഫിന്റെ ജാമ്യാപേക്ഷയിൽ കൂടുതൽ വാദം കേൾക്കാൻ 12 ലേക്ക് മാറ്റി വെച്ചു.
കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് തള്ളിയ കോടതി, നാശനഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കുകയായിരുന്നു. കാറിന്റെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്.
ജോജുവിനെതിരെയുള്ള പരാതിയില്‍ കേസെടുക്കാത്ത പൊലീസിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസിന‍്റെ ആഭിമുഖ്യത്തിൽ ഇന്ന് മരട് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എറണാകുളം ഡി സി സി യുടെ ആഭിമുഖ്യത്തിൽ സംയടിപ്പിച്ച പ്രതിഷേധം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. നവംബർ ഒന്നിന് നടന്ന കോൺഗ്രസിന്റെ ചക്ര സ്തംഭന സമരത്തിനിടെ ജോജു ജോർജ് മഹിളാ കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ചെന്നാണ് ആക്ഷേപം.
അതിനിടെ നടന്‍ ജോജു ജോര്‍ജുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി വിവിധയിടങ്ങളിലെ സിനിമാ സെറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്ന രീതിയോട് എതിർപ്പ് പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി.
സിനിമാ വ്യവസായത്തെ തടസപ്പെടുത്തുന്ന തരത്തില്‍ സമരം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിർദ്ദേശിച്ചു. സിനിമയെ തടസപ്പെടുത്തിയാല്‍ നടപടിയുണ്ടാവുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്തി. ഇതുസംബന്ധിച്ച് കെപിസിസി എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വി ഡി സതീശന്‍ അറിയിച്ചു. സിനിമാ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം സഭയില്‍ മുകേഷ് എംഎല്‍എ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു വി ഡി സതീശന്‍റെ പ്രതികരണം. ജോജു ജോര്‍ജുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി സിനിമാ സെറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തുകയാണ്. ഈ സാഹചര്യത്തിലാണ് വിഷയം മുകേഷ് എംഎല്‍എ വിഷയം സഭയില്‍ ഉന്നയിച്ചത്.