ഒമൈക്രോണ്‍ ഭീഷണി: കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി

0
231

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ രാജ്യത്ത് കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി. മുന്‍കരുതലിന്റെ ഭാഗമായാണ് നിലവിലുള്ള കോവിഡ് നിയന്ത്രണം നീട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ പാലിക്കാനാണ് ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

അതിനിടെ, പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.  ഇതുവരെ ഒരു പുതിയ കേസ് പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാലും മുന്‍കരുതലും ജാഗ്രതയും തുടരണമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു.

നിലവില്‍ രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാണ്. എന്നാല്‍ പുതിയ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലും ജാഗ്രതയും തുടരണം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള പരിശോധന രീതികള്‍ ഉപയോഗിച്ച് ഒമൈക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിക്കും. ആന്റിജന്‍, ആര്‍ടി-പിസിആര്‍, ജനിതക ശ്രേണീകരണം എന്നിവ വഴി ഇതിനെ കണ്ടെത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പരിശോധനകള്‍ വര്‍ധിപ്പിച്ച് ഒരു കേസ് പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഇതിനായി സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു. പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വീടുകള്‍ തോറുമുള്ള വാക്സിനേഷനന്‍ ക്യാമ്പ് ശക്തമാക്കി. ഡിസംബര്‍ 31 വരെ വാക്സിനേഷന്‍ ക്യാമ്പ് തുടരാന്‍ നിര്‍ദേശിച്ചതായും മന്ത്രി അറിയിച്ചു.

വൈറസ് ബാധ തുടക്കത്തില്‍ തന്നെ തിരിച്ചറിയുന്നതിന് പരിശോധനകള്‍ കൂട്ടാന്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണും നിര്‍ദേശിച്ചു. ഇതിനായി ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കണമെന്നും രാജേഷ് ഭൂഷണ്‍ വിളിച്ചുചേര്‍ത്ത സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഉന്നതതല യോഗത്തില്‍ നിര്‍ദേശിച്ചു. പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ ആര്‍ടി- പിസിആര്‍ അടക്കമുള്ള പരിശോധനാരീതികള്‍ ഫലപ്രദമാണ്. പുതിയ സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതിനാല്‍ ഇതിനാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാവണം. കൂടാതെ വീടുകളിലെ ക്വാറന്റൈന്‍ ഫലപ്രദമാണ് എന്ന് ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here