കോട്ടയം: എസ്ഡിപിഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബിജെപി നേതാവിന്റെ കത്ത്. ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരിയാണ് കത്തയച്ചത്. സംഘടനയുടെ ഫണ്ടിംഗും തീവ്രവാദബന്ധവും അടക്കം വിഷയങ്ങളില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
സമീപകാലത്ത് നടന്ന രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യമാണെന്നും പറയുന്നു. കേരളം തീവ്രവാദികളുടെ സങ്കേതമായെന്നും എസ്ഡിപിഐയുടെ ത്രീവ്രവാദ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഒത്താശ ചെയ്യുന്നതായും ഹരി കത്തില്‍ ആരോപിക്കുന്നു.
പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്നാണ് ബിജെപിയുടെ ആരോപണം. കൊലക്ക് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്നാണ് ആരോപണം. ഇതിന്റെ ഭാഗമായി സഞ്ജിത്ത് കൊലപാതക കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഗവര്‍ണറെ സമീപിച്ചിരുന്നു. പരിശീലനം സിദ്ധിച്ച തീവ്രവാദികളാണ് കൊലപാതകം നടത്തിയതെന്നും 2020 മുതല്‍ സജ്ഞിത്തിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കൊലക്ക് എസ്ഡിപിഐ ക്രിമിനല്‍ സംഘങ്ങളാണെന്ന് ആരോപണം സുരേന്ദ്രന്‍ ആരോപിച്ചു.
‘2020 മുതല്‍ അദ്ദേഹത്തെ വധിക്കാനുള്ള നീക്കം എസ്ഡിപിഐ ക്രിമിനല്‍ സംഘങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് വിവരം. എന്നാല്‍ കേരള പൊലീസിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ല. എസ്ഡിപിഐ ക്രിമിനല്‍ സംഘങ്ങളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരും പൊലീസും എടുക്കുന്നത്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നത്. രണ്ടാഴ്ച്ചക്കകം രണ്ട് പേരെയാണ് എസ്ഡിപിഐ സംഘം കൊലപ്പെടുത്തിയത്. തൃശൂരും പാലക്കാടുമായി രണ്ട് യുവാക്കള്‍ കൊലക്കത്തിക്കിരയായി.’ കെ സുരേന്ദ്രന്‍ പറഞ്ഞു.