ന്യൂഡൽഹി: പെട്രോൾ ഡീസൽ വിലവർധനക്ക് പിന്നാലെ ഇരുട്ടടിയായി പാചക വാതകത്തിനും കുത്തനെ വിലകൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിനാണ് 265 രൂപ കൂട്ടിയത്. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിനു 2000 രൂപ കടന്നു. ചെന്നൈയിൽ 2,133 രൂപയായി. കേരളത്തിൽ 1994 രൂപയാണ് ഒരു സിലിണ്ടറിന്‍റെ വില. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.
രാജ്യത്ത് ഇന്ന് ഇന്ധനവിലയും കൂട്ടിയിരുന്നു. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ വില 110 രൂപ 70 പൈസയും ഡീസലിന് 104 രൂപ 13 പൈസയുമായി. തുടർച്ചയായ അഞ്ചാമത്തെ ദിനമാണ് എണ്ണക്കമ്പനികളുടെ ജനദ്രോഹ നടപടി.
ഈ വർഷം ജനുവരി ഒന്നുമുതൽ തിങ്കളാഴ്ച 11ാം മാസം പിറക്കുേമ്പാൾ വരെ പെട്രോൾ ഒരു ലിറ്ററിന് എണ്ണക്കമ്പനികൾ കൂട്ടിയത് 25.83 രൂപ. ഡീസലിന് വർധിപ്പിച്ചത് 25.66 രൂപയും. ജനുവരി ഒന്നിന് ഒരു ലിറ്റർ പെട്രോളിന് 85.72 രൂപയായിരുന്നു.
ഡീസൽ വില 79.65 രൂപയും. തിങ്കളാഴ്ച തിരുവനന്തപുരത്ത് പെട്രോൾ 112.03, ഡീസൽ 105.79 എന്നീ നിരക്കിലേക്കെത്തി. ഇതോടെ സംസ്ഥാനത്ത് 11 മാസം കൊണ്ട് പെട്രോളിന് 22.14 ശതമാനം വിലകൂടി. ഡീസൽ 32.21 ശതമാനവും. തിങ്കളാഴ്ച എറണാകുളത്ത് 110.16, 104.04, കോഴിക്കോട് 110.26, 104.16 എന്നിങ്ങനെയാണ് യഥാക്രമം പെട്രോൾ, ഡീസൽ വില.