ആമസോണില്‍ വിലകൂടിയ ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് ആളുകള്‍ കബളിപ്പിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ നമ്മള്‍ ഇതിന് മുമ്പ് കേട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ആമസോണ്‍ വില്‍പനമേളയ്ക്കിടയിലും ഓര്‍ഡര്‍ ചെയ്ത ഐഫോണിന് പകരം വിം ബാര്‍ സോപ്പ് കിട്ടിയ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ വയനാട് കണിയാമ്പറ്റ സ്വദേശി മിഥുൻ ബാബുവിന് ഉണ്ടായത് മറ്റൊരു അനുഭവമാണ്.
ഒക്ടോബര്‍ 30 നാണ് ആമസോണില്‍ നിന്ന് ഒരു പാസ് പോട്ട് കവര്‍ മിഥുന്‍ ഓര്‍ഡര്‍ ചെയ്തത്. നവംബര്‍ ഒന്നിന് തന്നെ ഓര്‍ഡര്‍ കയ്യില്‍ കിട്ടുകയും ചെയ്തു. എന്നാല്‍ പാസ്‌പോര്‍ട്ട് കവറിനൊപ്പം ഒരു പാസ്‌പോര്‍ട്ട് കൂടി അതിനൊപ്പം ലഭിച്ചു. മറ്റൊരാളുടെ പാസ് പോര്‍ട്ട്.
ഇതെങ്ങനെ എന്ന് തോന്നുന്നുണ്ടാവും. ഇതേ ചോദ്യം തന്നെയാണ് മിഥുന്റെ മനസിലുമുണ്ടായത്. പാസ് പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അതിനൊപ്പം ഇടാനുള്ള പാസ് പോര്‍ട്ട് കൂടി ആമസോണ്‍ അയച്ച പോലെയായി.
ഉടന്‍ തന്നെ ആമോസോണ്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഈ സംഭവം ഇനി ആവര്‍ത്തിക്കില്ല എന്ന മറുപടി മാത്രമാണ് ലഭിച്ചത്. അപ്പോഴും അവര്‍ അയച്ചു തന്ന പാസ്‌പോര്‍ട്ട് എന്ത് ചെയ്യണമെന്ന് മാത്രം അവര്‍ പറഞ്ഞില്ല.
WILDHORN Leather Passport Holder Cover Case RFID Blocking Travel Wallet (Black Hunter)
തൃശൂർ കുന്നംകുളം സ്വദേശിയായ മുഹമ്മദ് സാലിഹ് എന്നയാളുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് ആണ് കവറിലുണ്ടായിരുന്നത്. അച്ഛന്റെ പേര് ബഷീർ എന്നും അമ്മയുടെ പേര് അസ്മാബി എന്നും പാസ്പോർട്ടിലുണ്ട്. പാസ് പോര്‍ട്ടില്‍ കോണ്‍ടാക്റ്റ് നമ്പര്‍ ഇല്ലാത്തതിനാല്‍ അവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ പാസ് പോര്‍ട്ടിലെ വിലാസത്തില്‍ അത് അയച്ചുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് മിഥുന്‍ പറഞ്ഞു.