മഞ്ചേശ്വരം: ബീഫ് സ്റ്റാളിന് പഞ്ചായത്ത് ലൈസൻസ് അനുവദിക്കാത്തതിനെ ചൊല്ലി മഞ്ചേശ്വരം പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ബഹളം.ഹൊസങ്കടി ടൗണിൽ ഇരുപത് വർഷത്തിലേറെയായി പ്രവർത്തിച്ചു വരികയായിരുന്ന മൂസക്കുഞ്ഞി എന്നയാളുടെ ഉടമസ്ഥതയിലുള്ള ബീഫ് സ്റ്റാൾ ഹൈവേ വികസനത്തിൻ്റെ ഭാഗമായാണ് അൽപ്പം മാറി പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് വിശ്വഹിന്ദു പരിഷത്ത് പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ പരാതിക്ക് അടിസ്ഥാനമിലെന്നും ലൈസൻസ് അനുവദിക്കാമെന്നും മുമ്പ് പഞ്ചായത്ത് തീരുമാനത്തിലെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന ഭരണ സമിതി യോഗത്തിൽ മുസ്ലിം ലീഗ് അംഗങ്ങൾ ഇക്കാര്യം ഉന്നയിച്ചപ്പോൾ ഭരണപക്ഷ അംഗങ്ങൾ ലൈസൻസ് അനുവദിക്കുന്നതിനെ ശക്തമായി എതിർക്കുകയായിരുന്നു. മൂന്ന് തവണ ബോർഡിൽ ചർച്ചയ്ക്ക് വന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ യോഗം പിരിച്ചുവിട്ട പ്രസിഡൻ്റ് ജീൻ ലെവിനാ മൊന്തേരോയുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.
ഇതു സംബന്ധിച്ച് ഇനി കൂടുതൽ ചർച്ചയുടെ ആവശ്യമില്ലെന്നും ബീഫ് സ്റ്റാളിന് ലൈസൻസ് അനുവദിക്കാനാവില്ലെന്നുമാണ് പ്രസിഡൻ്റിയും ഭരണപക്ഷത്തിൻ്റെയും വാദം.
എന്നാൽ ലൈസൻസ് അനുവദിക്കുന്നതിൽ യാതൊരു വിധ നിയമ തടസ്സങ്ങളൊന്നുമില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നത്. സ്ഥലം പരിശോധിച്ചപ്പോൾ യാതൊരു തരത്തിലുള്ള നിയമ ലംഘനങ്ങളോ മറ്റോ ബോധ്യപ്പെട്ടില്ല എന്നാണ് സെക്രട്ടറി യോഗത്തെ അറിയിച്ചത്. പഞ്ചായത്തും ആരോഗ്യവകുപ്പും നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് ഉടമ മൂസക്കുഞ്ഞി ലൈസൻസിന് അനുമതി തേടിയിരിക്കുന്നത്. ഇതിന് മഞ്ചേശ്വരം സി.എച്ച്.സിലെ ഹെൽത്ത് ഇൻസ്പെക്ടർ കട പരിശോധിച്ച് ശുചിത്വ സർട്ടിഫിക്കറ്റും അനുവദിച്ചിരുന്നു. ബീഫ് സ്റ്റാൾ വരുന്നതിൽ നാട്ടുകാർക്കോ സമീപത്തെ മറ്റു സ്ഥാപനങ്ങൾക്കോ പരാതിയില്ല.
അതേ സമയം മഞ്ചേശ്വരം പഞ്ചായത്തിൽ ബി.ജെ.പി ഭരണം നിലനിർത്തുന്നത് രണ്ട് എൽ.ഡി.എഫ് അംഗങ്ങളുടെ പിന്തുണയോട് കൂടിയാണ്. ഇക്കാര്യത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കിയിട്ടില്ല.