ഈരാറ്റുപേട്ട : നഗരസഭയിൽ തിങ്കളാഴ്ച നടക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ്.-എസ്.ഡി.പി.ഐ. കൂട്ടുകെട്ട് ആവർത്തിക്കുമെന്ന് സമൂഹമാധ്യമപ്രചാരണം. ‘എൽ.ഡി.എഫ്. വെഡ്‌സ് എസ്.ഡി.പി.ഐ.-സേവ് ദ ഡേറ്റ്’എന്ന വിശേഷണത്തോടെയുള്ള കാർഡുകളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസത്തെ എസ്.ഡി.പി.ഐ പിന്തുണച്ചതോടെയാണ് യു.ഡി.എഫിന് അധ്യക്ഷസ്ഥാനം നഷ്ടമായത്. ഇതേ കൂട്ടുകെട്ട് അധ്യക്ഷ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന മുന്നറിയിപ്പാണ് ട്രോളിലുള്ളത്.
28 അംഗ നഗരസഭയിൽ യു.ഡി.എഫിൽനിന്ന് ഒരാൾ കൂറുമാറിയെങ്കിലും 13 അംഗങ്ങളുടെ ഭൂരിപക്ഷം ഇപ്പോഴുമുണ്ട്. ഒൻപത് അംഗങ്ങളുള്ള എൽ.ഡി.എഫിന് കൂറുമാറിയ അംഗത്തെയും അഞ്ച് എസ്.ഡി.പി.ഐ. അംഗങ്ങളെയും കൂടെച്ചേർത്താൽമാത്രമേ വിജയം നേടാൻ സാധിക്കൂ.
അവിശ്വാസത്തിലൂടെ പുറത്തായ സുഹ്‌റ അബ്ദുൽഖാദറിനെ തന്നെ യു.ഡി.എഫ്. സ്ഥാനാർഥിയാക്കും. എൽ.ഡി.എഫ്. സ്ഥാനാർഥിയെ സംബന്ധിച്ചുള്ള തീരുമാനം ഇതുവരെയും ആയിട്ടില്ല. എസ്.ഡി.പി.ഐയും അന്തിമ നിലപാടെടുത്തിട്ടില്ല.
കൂറുമാറിയ കോൺഗ്രസ് അംഗത്തെ ഒപ്പംകൂട്ടി അധ്യക്ഷയെ താഴെയിറക്കിയെങ്കിലും എസ്.ഡി.പി.ഐ.യുടെ പിന്തുണ വാങ്ങിയത് സംസ്ഥാന തലത്തിൽ വിവാദമായിരുന്നു. ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പ്: എൽ.ഡി.എഫ്.- എസ്.ഡി.പി.ഐ. കൂട്ടുകെട്ട് ആവർത്തിക്കുമെന്ന് സമൂഹമാധ്യമ പ്രചാരണം