ലോകരാജ്യങ്ങളുടെ പവർ അനുസരിച്ച്, യാത്രാ സൗഹൃദ പാസ്‌പോർട്ടുകൾ പട്ടികപ്പെടുത്തിയ ഹെൻലി പാസ്‌പോർട്ട് സൂചികയുടെ 2021 ലെ റിപ്പോർട് പുറത്തുവിട്ടു. റിപ്പോർട് പ്രകാരം ഇന്ത്യയുടെ റാങ്ക് കഴിഞ്ഞ വർഷത്തേക്കാൾ പിറകോട്ടാണ്. ഇപ്പോൾ 90 ാം സ്ഥാനമാണ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ടു റാങ്കുകള്‍ പിന്നിലാണ് ഈ വർഷത്തെ ഇന്ത്യയുടെ സ്ഥാനം. ഇന്ത്യൻ പാസ്പോർട്ട് ഉള്ള ആളുകൾക്ക് 58 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര അനുവദനീയമാണ്. കഴിഞ്ഞ വർഷം 82ാം സ്ഥാനമായിരുന്നു നേടിയിരുന്നത്. പട്ടികയിൽ മുന്നിലുള്ള രാജ്യങ്ങൾ ജപ്പാനും സിംഗപ്പൂരുമാണ്. ഈ രാജ്യങ്ങളുടെ പാസ്പോർട്ട് ഉള്ളവർക്ക് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
രണ്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയയും ജർമനിയുമാണ്. ഇവിടുത്തെ പാസ്പോർട്ട് ഉള്ളവർക്ക് 190 രാജ്യങ്ങളിൽ വിസരഹിത യാത്ര ചെയ്യാം. ഫിൻലൻഡ്, ഇറ്റലി, ലക്സംബർഗ്, സ്പെയിൻ എന്നിവയാണ് തൊട്ടുപിന്നിലായി ഉള്ളത്. ഓസ്ട്രിയയും ഡെൻമാർക്കും നാലാം സ്ഥാനത്തും ഫ്രാൻസ്, അയർലൻഡ്, നെതർലൻഡ്സ്, പോർച്ചുഗൽ, സ്വീഡൻ എന്നിവ അഞ്ചാം സ്ഥാനത്തുമാണ്. നിലവിലെ റിപ്പോർട്ടിൽ ഏറ്റവും താഴെ അഫ്ഗാനിസ്ഥാൻ ആണ്. വെറും ഇരുപത്തിയാറ് രാജ്യങ്ങളിലേക്ക് മാത്രമേ അഫ്ഗാനിസ്ഥാൻ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു.
കോവിഡ് -19 പാൻഡെമിക് ആരംഭിച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷം, രാജ്യങ്ങൾ അന്താരാഷ്ട്ര സന്ദർശകർക്കായി യാത്രാ നിയമങ്ങൾ ലഘൂകരിച്ച സമയത്താണ് ഹെൻലി പാസ്‌പോർട്ട് സൂചിക വരുന്നത്. മുൻകൂർ വിസയില്ലാതെ പാസ്പോർട്ട് ഉടമകൾക്ക് സന്ദർശിക്കാൻ കഴിയുന്ന സ്ഥലങ്ങളുടെ എണ്ണം അനുസരിച്ച് രാജ്യങ്ങളുടെ പാസ്‌പോർട്ടുകളെ റാങ്ക് ചെയ്യുന്നു. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) നൽകിയ ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.