ലഖിംപൂരിൽ കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ജീപ്പ് ഓടിച്ചുകയറ്റുന്ന ദൃശ്യം ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
“ലഖിംപൂർ ഖേരിയിൽ നിന്നുള്ള അസ്വസ്ഥപ്പെടുത്തുന്ന ദൃശ്യങ്ങൾ. മോദി സർക്കാരിന്‍റെ മൗനം ഈ കുറ്റത്തിലെ അവരുടെ പങ്കാളിത്തം വ്യക്തമാക്കുന്നു”- ദൃശ്യങ്ങള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.
കൊടിയുമേന്തി നടന്നു നീങ്ങുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഒരു ജീപ്പാണ് ഇടിച്ചുകയറ്റിയത്. വെള്ള ഷർട്ടും പച്ച തലപ്പാവും ധരിച്ച കര്‍ഷകന്‍ ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്‍റെ ബോണറ്റിന്‍റെ മുകളിലേക്ക് എടുത്തെറിയപ്പെട്ടു. മറ്റുള്ളവർ പരിഭ്രാന്തരായി റോഡിന്‍റെ ഇരുവശങ്ങളിലേക്കും നീങ്ങുന്നത് കാണാം. ആറോളം പേര്‍ വാഹനമിടിച്ചു നിലത്തുവീണു. കര്‍ഷകരെ ഇടിച്ചിട്ട ജീപ്പ് നിര്‍ത്താതെ പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു കറുത്ത എസ്‌യുവി പിന്നാലെ വരുന്നതും കാണാം.
TW: Extremely disturbing visuals from #LakhimpurKheri
The silence from the Modi govt makes them complicit. pic.twitter.com/IpbKUDm8hJ
— Congress (@INCIndia) October 4, 2021
പ്രതിഷേധം കടുപ്പിക്കാനുറച്ച് കര്‍ഷകര്‍
ലഖിംപൂര്‍ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന നിലപാട് കടുപ്പിക്കാനുറച്ച് കർഷക സംഘടനകള്‍. കർഷകരുടെ പ്രതിഷേധം ശക്തമാവുന്നതിനിടെ കൂടുതൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്ന് സംഘർഷമുണ്ടായ ലഖിംപൂരിൽ എത്തിയേക്കും. സ്ഥിതി ശാന്തമാകാതെ നേതാക്കളെ കടത്തിവിടാൻ കഴിയില്ലെന്ന് ആവർത്തിക്കുകയാണ് ജില്ലാ ഭരണകൂടം.
അതേസമയം സീതാപൂരിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രിയങ്ക ഗാന്ധിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. മരിച്ച കർഷകരുടെ ബന്ധുക്കളെ കണ്ട ശേഷമേ മടങ്ങൂ എന്ന നിലപാടിലാണ് പ്രിയങ്ക ഗാന്ധി. ലഖിംപൂര്‍ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലഖ്നൌവിൽ എത്തും. അർബൻ കോൺക്ലേവിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ലഖ്നൌവിൽ എത്തുന്നത്.