കാസർകോട്: കൂലിപ്പണിക്കാരനായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേയ് റോഡ് ജഗദംബാദേവി ക്ഷേത്രപരിസരത്തെ പി.സി.വിജിത്ത്കുമാർ (36) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മുതൽ വിജിത്തിനെ കാണാനില്ലെന്നുകാണിച്ച് ബന്ധുക്കൾ ഞായറാഴ്ച വൈകുന്നേരം പോലീസിൽ പരാതി നൽകിയിരുന്നു. തിരച്ചിലിനിടെയാണ് തിങ്കളാഴ്ച രാവിലെ അമേയ് റോഡരികിലെ മറ്റൊരു വീട്ടുകിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
അമേയ് റോഡ് പരിസരത്തുനിന്ന് ശനിയാഴ്ച സന്ധ്യക്ക് വിദേശമദ്യവുമായി ഒരു കാർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കെ.എ. 19 എം.ഇ. 9265 നമ്പർ കാറിൽനിന്ന് രണ്ട് മൊബൈൽ ഫോണും പിടിച്ചെടുത്തു. വ്യാജമദ്യത്തിന്റെ മൊത്തക്കച്ചവടക്കാരനായ അണ്ണുവും വിതരണക്കാരനായ അപ്പുവുമാണ് കാറിലുണ്ടായിരുന്നതെന്നും പോലീസെത്തിയപ്പോൾ അവർ കാർ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നെന്നും കാസർകോട് ഇൻസ്പെക്ടർ പറഞ്ഞു. പോലീസ് എത്തുന്നതിന് മുൻപ് എക്സൈസും വ്യാജമദ്യത്തിനായി പരിശോധന നടത്തിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെ കണ്ട് ഭയന്നോടുന്നതിനിടയിലാണ് വിജിത്ത് കിണറ്റിൽ വീണതെന്ന് ആരോപണമുണ്ട്.
കാസർകോടുനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി. ചന്ദ്രൻ-കുസുമ ദമ്പതിമാരുടെ മകനാണ് വിജിത്ത്. ഭാര്യ: വനജ. മക്കൾ: യദുനന്ദൻ, ശ്രീനന്ദ. സഹോദരങ്ങൾ: വിനോദ്കുമാർ, സുജിത് കുമാർ, സുനിൽ കുമാർ.