മംഗളൂരു : അധോലോക കുറ്റവാളികളായ ഛോട്ടാ രാജൻ, രവി പൂജാരി തുടങ്ങിയവരുടെ അടുത്ത അനുയായിയായിരുന്ന മംഗളൂരു സ്വദേശി ഫിലിപ്പീൻസിൽ അറസ്റ്റിലായതായി സൂചന. അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്ന സുരേഷ് പൂജാരിയാണ് ഇന്റർപോളിന്റെ പിടിയിലായത്.
അഭിപ്രായഭിന്നതയെതുടർന്ന് രവി പൂജാരിയുമായി സുരേഷ് പൂജാരി വർഷങ്ങൾക്ക് മുൻപ് അകന്നിരുന്നു. അതിനുശേഷം 2010-ൽ സുരേഷ് പൂജാരി റാഫിയൻസ് എന്ന പേരിൽ സ്വന്തം ഗുണ്ടാസംഘമുണ്ടാക്കി.
വൻ വ്യവസായികളെയും ധനികരെയും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇയാളുടെ രീതി. പണം നൽകാത്തവരെ തട്ടിക്കൊണ്ടുപോയതിനും ഭീഷണിപ്പെടുത്തിയതിനും കർണാടകയിലും മഹാരാഷ്ട്രയിലുമെല്ലാം ഇയാളുടെ പേരിൽ കേസുകളുണ്ട്. പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ സുരേഷ് പൂജാരി വിദേശത്തേക്ക് കടന്നു. തുടർന്ന് അന്വേഷണ ഏജൻസികൾ ഇന്റർപോളിന്റെ സഹായം തേടി.