കോഴിക്കോട്: ചെട്ടികുളത്ത് സ്കൂട്ടർ അപകടത്തിൽ യുവതി മരിച്ചു. പൂളക്കടവ് നങ്ങാറിയിൽ ഹാഷിം -ലൈല ദമ്പതികളുടെ മകൾ റിഫ്ന (24) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. റിഫ്ന സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ റിഫ്ന മരണത്തിന് കീഴടങ്ങി. അൽഹിന്ദ് ട്രാവൽസിൽ പരിശീലനത്തിന് ചേർന്നിരുന്ന റിഫ്ന ഖത്തറിലുള്ള ഭർത്താവ് സുഹൈലിന്‍റെ എലത്തൂരിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.
സഹോദരങ്ങൾ: ലിറാഷ് (ടുട്ടു), ലറിഷ. ഖബറടക്കം ഞായറാഴ്ച വൈകീട്ട് കാഞ്ഞിരത്തിങ്ങൽ ജുമാമസ്ജിദ് ഖബറസ്ഥാനിൽ നടന്നു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹനാപകടങ്ങളിൽ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്. റോഡിന്‍റെ തകർച്ചയും വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്.
ദിവസവും ഒരാളെങ്കിലും കോഴിക്കോട് ജില്ലയിൽ വാഹനാപകടങ്ങളിൽ മരണമടയുന്നതായാണ് കണക്കുകള്‍. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുന്നുമുണ്ട്. ഇതിൽ കൂടുതൽ പേരും ഇരുചക്ര വാഹനയാത്രക്കാരാണ്. ഇരുചക്രവാഹന യാത്രികർ ഹെൽമറ്റ് ധരിക്കാറുണ്ടെങ്കിലും അപകടത്തിൽ ഇവ തകരുകയോ തെറിച്ച് പോകുകയോ ചെയ്യുന്നതോടെയാണ് പലർക്ക് പരിക്ക് ഗുരുതരമാകുന്നത്.