പ്രവാസികള്‍ക്ക് ലഭിക്കുന്നത് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്; നാട്ടിലേക്ക് പണമയക്കാന്‍ തിരക്കേറി

0
221

ദുബൈ: അന്താരാഷ്‍ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ (Indian Rupee) മൂല്യം കൂടുതല്‍ ഇടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ (Gulf countries) നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികളുടെ തിരക്കേറി.  നിലവില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വിനിമയ മൂല്യമാണ് (Exchange rates) പ്രവാസികള്‍ക്ക് (Expatriates) ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇതേ പ്രവണത തുടരുമെന്നാണ് ധനകാര്യ രംഗത്തുള്ളവര്‍ പറയുന്നത്.

അന്താരാഷ്‍ട്ര വിപണിയില്‍ ഇന്ധന വില ഉയർന്നതും അമേരിക്കൻ ബോണ്ടുകൾ നില മെച്ചപ്പെടുത്തിയതും ഡോളർ ശക്തിപ്രാപിച്ചതുമൊക്കെയാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. ബുധനാഴ്‍ച അമേരിക്കന്‍ ഡോളറിനെതിരെ 75.33 എന്ന നിലയിലാണ് ഇന്ത്യന്‍ രൂപയുടെ വിനിമയം. അതുകൊണ്ടു തന്നെ ഗള്‍ഫ് കറന്‍സികള്‍ക്കെല്ലാം ഇന്ത്യന്‍ രൂപയിലേക്ക് നല്ല വിനിമയ നിരക്ക് ലഭിക്കുന്നുണ്ട്. ഒരാഴ്‍ച കൊണ്ടുതന്നെ വിനിമയ നിരക്കില്‍ നല്ല മാറ്റവും വന്നിട്ടുണ്ട്. യുഎഇ ദിര്‍ഹത്തിന് 20.51 രൂപയാണ് ബുധനാഴ്‍ച രേഖപ്പെടുത്തിയിരിക്കുന്നത്. സൗദി റിയാലിന് 20.08 രൂപയും ഒമാന്‍ റിയാലിന് 195.91 രൂപയുമാണ് നിരക്ക്. ബഹ്റൈന്‍ ദിനാറിന് 200.34 രൂപയും കുവൈത്ത് ദിനാറിന് 249.56 രൂപയും ഖത്തര്‍ റിയാലിന് 20.69 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഈ മാസം ആദ്യം മുതല്‍ ഉയര്‍ന്ന മൂല്യം ലഭിക്കുന്നത് കാരണം  നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികളുടെ തിരക്ക് പല എക്സ്ചേഞ്ച് സെന്ററുകളിലും പൊതുവെ  അനുഭവപ്പെടുന്നുണ്ട്. കൂടുതല്‍ മികച്ച നിരക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരുമുണ്ട്. രൂപയുടെ മൂല്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ പ്രവണത തുടരാനാണ് സാധ്യതയെന്നാണ് ധനകാര്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here