നീണ്ട 14 വർഷത്തിന് ശേഷം തീപ്പട്ടിക്ക് വില വർധിപ്പിക്കുന്നു, പുതിയ വില ഇങ്ങനെ

0
312

ദില്ലി: നീണ്ട 14 വർഷങ്ങൾക്ക് ശേഷം രാജ്യത്ത് തീപ്പട്ടിക്ക് വില വർധിക്കുന്നു. ഒരു രൂപയിൽ നിന്ന് രണ്ട് രൂപയായി വില വർധിപ്പിക്കാനാണ് തീരുമാനം. അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർധനവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനികളെ എത്തിച്ചത്. ശിവകാശിയിൽ ചേർന്ന തീപ്പട്ടി കമ്പനികളുടെ സംയുക്ത സംഘടനാ യോഗത്തിലാണ് തീരുമാനം.

2007 ലാണ് അവസാനമായി തീപ്പട്ടിക്ക് വില വർധിപ്പിച്ചത്. അന്ന് 50 പൈസയിൽ നിന്നാണ് വില ഒരു രൂപയാക്കിയത്. തീപ്പട്ടി നിർമ്മിക്കാനാവശ്യമായ 14 അസംസ്കൃത വസ്തുക്കൾക്കും വില വർധിച്ചു. റെഡ് ഫോസ്ഫറസിന്റെ വില 425 ൽ നിന്ന് 810 ആയതും വാക്സിന് 58 രൂപയായിരുന്നത് 80 ആയതും കമ്പനികളെ വില വർധിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചു.

ഒക്ടോബർ പത്തിന് ശേഷം തീപ്പട്ടി കൂടുണ്ടാക്കുന്ന ബോക്സ് കാർഡ്, പേപ്പർ, സ്പ്ലിന്റ്, തുടങ്ങിയവയ്ക്കും പൊട്ടാസ്യം ക്ലോറേറ്റിനും സൾഫറിനുമെല്ലാം വില വർധിച്ചു. ഇതിന് പുറമെ ഇന്ധന വില വർധന, ചരക്കു ഗതാഗതത്തിന്റെ ചെലവും വർധിപ്പിച്ചു. നിലവിൽ തീപ്പട്ടി കമ്പനികൾ 600 തീപ്പട്ടികളുടെ ബണ്ടിൽ 270 മുതൽ 300 വരെ രൂപയ്ക്കാണ് വിൽക്കുന്നത്. ഓരോ ബണ്ടിലിന്റെയും നിർമ്മാണ ചെലവ് 430 മുതൽ 480 വരെയായെന്ന് കമ്പനികൾ പറയുന്നു. തമിഴ്നാട്ടിൽ നാല് ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന സെക്ടർ കൂടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here