ഡിസംബർ ഒന്ന് മുതൽ തീപ്പട്ടിക്ക് വില വർധിക്കുമെന്ന് കമ്പനികൾ വ്യക്തമാക്കി. ഒന്നര പതിറ്റാണ്ടോളം മുൻപാണ് അവസാനമായി തീപ്പട്ടിക്ക് വില വർധിച്ചത്. അനിയന്ത്രിതമായ ഇന്ധന വിലവർധനയും അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനവുമൊക്കെയാണ് ഇപ്പോഴത്തെ വില വർധനയ്ക്ക് കാരണം. തീപ്പട്ടിക്ക് വില വർധിക്കാനിടയായ സാഹചര്യങ്ങളും, വില വർധിക്കുമ്പോൾ വരുന്ന മാറ്റങ്ങളും ഇങ്ങനെയാണ്.
- തീപ്പട്ടിയുടെ നിലവിലെ വില ഒരു രൂപയാണ്. ഇത് ഇരട്ടിയായാണ് വർധിപ്പിക്കുന്നത്. എന്നുവെച്ചാൽ 100 ശതമാനമാണ് വർധിക്കുന്ന വില.
- ഒരു രൂപയ്ക്ക് വാങ്ങിയ തീപ്പട്ടിയിലുണ്ടായിരുന്ന തീക്കൊള്ളികൾ എത്രയെന്ന് എണ്ണിനോക്കിയിട്ടുണ്ടോ? 36 എണ്ണമായിരുന്നു. വില വർധിക്കുമ്പോൾ തീക്കൊള്ളികളുടെ എണ്ണവും വർധിക്കും. ഡിസംബർ ഒന്ന് മുതൽ തീപ്പട്ടിക്കൂടിൽ 50 കൊള്ളികളുണ്ടാവും.
- ഇതിന് മുൻപ് 2007 ലാണ് തീപ്പട്ടിക്ക് അവസാനമായി വില വർധിച്ചത്. അന്ന് മുതലാണ് തീപ്പട്ടിക്ക് ഒരു രൂപ വിലയായത്. അതുവരെ 50 പൈസയ്ക്കാണ് തീപ്പട്ടി വിറ്റിരുന്നത്.
- 2007 ന് മുൻപ് 1995 ലാണ് തീപ്പട്ടിയുടെ വില വർധിപ്പിച്ചത്. 25 പൈസയിൽ നിന്നാണ് അന്ന് തീപ്പട്ടിയുടെ വില 50 പൈസയായത്.
- വിലക്കയറ്റമാണ് തീപ്പട്ടിയുടെ വില വർധിക്കാനും കാരണം. തീപ്പട്ടിയുടെ നിർമ്മാണത്തിന് ആവശ്യമായ 14 അസംസ്കൃത വസ്തുക്കളുടെയും വില വർധിച്ചു. ഫോസ്ഫറസ്, വാക്സ്, പൊട്ടാസ്യം ക്ലോറേറ്റ്, സ്പ്ലിന്റ്സ്, തീപ്പട്ടിയുടെ പുറം ചട്ട, കൂട് തുടങ്ങിയവയ്ക്കെല്ലാം വില കൂടി.
- ഇന്ധന വില വർധനയും തീപ്പട്ടിയുടെ വില വർധനയ്ക്ക് കാരണമായി. തീപ്പട്ടി കമ്പനികളിൽ നിന്ന് തീപ്പട്ടി ലോഡുമായി പോകുന്ന ലോറികൾക്ക് ഇന്ധനത്തിന് കൂടുതൽ തുക മുടക്കേണ്ടി വന്നതോടെ ചരക്ക് ഗതാഗതത്തിന്റെ ചെലവ് വർധിക്കുകയായിരുന്നു.
- തീപ്പട്ടി വില വർധിപ്പിച്ചാലും ആറ് മാസത്തിന് ശേഷം സ്ഥിതി കമ്പനികൾ ഒന്നുകൂടി വിശകലനം ചെയ്യും. അസംസ്കൃത വസ്തുക്കളുടെ വില കുറയുന്ന സാഹചര്യമുണ്ടായാൽ തീപ്പട്ടിക്കും വില കുറയ്ക്കാമെന്നാണ് ഇവരുടെ നിലപാട്.
- അഞ്ച് ലക്ഷം പേരാണ് തീപ്പട്ടി നിർമ്മാണ മേഖലയിൽ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്നത്. അതിൽ തന്നെ 90 ശതമാനവും സ്ത്രീകളാണ്.
- രാജ്യത്ത് തീപ്പട്ടി നിർമ്മാണത്തിൽ മുന്നിൽ നിൽക്കുന്നത് തമിഴ്‌നാടാണ്. ഇവിടെ കോവിൽപട്ടി, സത്തൂർ, ശിവകാശി, തുർത്തങ്കൽ, എട്ടായപുരം, കഴുഗുമല, ശങ്കരൻകോവിൽ, ഗുഡിയാട്ടം, കാവേരിപക്കം എന്നിവിടങ്ങളിലാണ് പ്രധാന ഉൽപ്പാദന കേന്ദ്രങ്ങളുള്ളത്.
- രാജ്യത്ത് ഏതാണ്ട് ആയിരം തീപ്പട്ടി നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നതായാണ് വിവരം. അതിൽ തന്നെ ചെറുകിട-ഇടത്തരം തീപ്പട്ടി നിർമ്മാണ യൂണിറ്റുകളാണ് ഏറെയും.