ഒരാഴ്ച മുന്‍പ് ബ്ലേഡ് വാങ്ങി സൂക്ഷിച്ചു, അമ്മയ്ക്ക് ഭീഷണി സന്ദേശമയച്ചു; നിതിനയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

0
276

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥിനി നിതിനയെ ക്യാമ്പസിനകത്ത് വെച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. നിതിനയെ കൊലപ്പെടുത്താനായി ഒരാഴ്ച മുന്‍പേ ബ്ലേഡ് വാങ്ങി സൂക്ഷിച്ചിരുന്നെന്ന് പ്രതി അഭിഷേക് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ അമ്മയ്ക്കും പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നു.

ഒരാഴ്ച മുന്‍പ് കുത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയ ബ്ലേഡ് വാങ്ങി ഇടുകയായിരുന്നു.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബ്ലേഡ് വാങ്ങിയതായി പറയുന്ന കടയില്‍ ഉള്‍പ്പെടെ പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയുമായി സെന്റ് തോമസ് കോളേജില്‍ എത്തിയും തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം.

നിതിനയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിത്തുടങ്ങിയ സമയത്ത് നിതിനയുടെ അമ്മയുടെ ഫോണിലേക്ക് അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. നിതിന വിവാഹാഭ്യര്‍ഥന നിരസിച്ചതോടെയാണ് പെണ്‍കുട്ടിയുടെ മാതാവിന് ഇയാള്‍ ഭീഷണി സന്ദേശം അയച്ചിരുന്നത്.

അഭിഷേകിന്റെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നു. ഇന്ന് തെളിവെടുപ്പ് നടത്തിയതിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്റ് തോമസ് കോളേജില്‍ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവസാനവര്‍ഷ ഫുഡ് ടെക്‌നോളജി പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു നിതിനയും അഭിഷേകും.

പരീക്ഷ കഴിയും മുന്‍പേ ഹാളില്‍ നിന്ന് ഇറങ്ങിയ അഭിഷേക് നിതിനയെ കാത്ത് വഴിയരികില്‍ നിന്നു. നിതിന എത്തിയതോടെ പ്രതി സംസാരിക്കാനായി നിതിനയ്ക്കരികിലെത്തുകയും നിതിനയുമായി വഴക്കിടുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു നിതിനയെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

രണ്ട് വര്‍ഷമായി നിതിനയുമായി പ്രണയത്തിലായിരുന്നു എന്നും നിതിന അകന്നത് വൈരാഗ്യത്തിന് കാരണമായെന്നും അഭിഷേക് മൊഴി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here