ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) അഹമ്മദാബാദ്, ലക്നോ എന്നിവ പുതിയ ടീമുകളാവും. 2022 സീസൺ മുതൽ ഈ ടീമുകൾ ഐപിഎല്ലിലുണ്ടാവും. പുതിയ രണ്ട് ടീമുകൾക്കായി നടന്ന ലേലത്തിൽ ആർപി സഞ്ജീവ് ഗോയങ്ക (ആർപിഎസ്ജി) ഗ്രൂപ്പ്, അന്താരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് ഏജൻസിയായ സിവിസി കാപിറ്റൽ എന്നിവയാണ് പുതിയ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയതെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്തു.
ആർപി സഞ്ജീവ് ഗോയങ്ക (ആർപിഎസ്ജി) ഗ്രൂപ്പാണ് ഏറ്റവും ഉയർന്ന തുക ലേലം വിളിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. 7090 കോടി രൂപയുടെ ടെൻഡർ സമർപിച്ച ആർപിഎസ്ജി ഗ്രൂപ്പ് ലക്നൌ ഫ്രാഞ്ചൈസി സ്വന്തമാക്കി. 5166 കോടിയുടെ ലേലം വിളിച്ച സിവിസി കാപിറ്റൽ അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കി.
അദാനി ഗ്രൂപ്പ്, മാഞ്ചസ്റ്റർ യുനൈറ്റഡ് ഗ്രൂപ്പ് തുടങ്ങിയവരും ലേലത്തിൽ പങ്കെടുത്തിരുന്നെങ്കിലും അവർക്ക് ടീമുകളൊന്നും സ്വന്തമാക്കാൻ കഴിഞ്ഞില്ല. 10 കക്ഷികളാണ് തിങ്കളാഴ്ച ദുബായിൽ നടന്ന ലേലത്തിൽ പങ്കെടുത്തത്. അഹമ്മദാബാദ്, ലക്നൗ എന്നിവയ്ക്ക് പുറമെ കട്ടക്ക്, ധർമ്മശാല, ഗുവാഹത്തി, ഇൻഡോർ എന്നീ നാല് നഗരങ്ങളും ഫ്രാഞ്ചൈസികൾക്കായി പരിഗണിച്ചിരുന്നു.
നേരിട്ടോ കൺസോർഷ്യങ്ങൾ മുഖേനയോ ആണ് വിവധ കമ്പനികൾ ലേലത്തിൽ പങ്കെടുത്തത്. പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ്, അദാനി ഗ്രൂപ്പ്, ടോറന്റ് ഫാർമസ്യൂട്ടിക്കൽസ്, ഹിന്ദുസ്ഥാൻ മീഡിയ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കാപ്രി ഗ്ലോബൽ എന്നിവരും സിംഗപ്പൂർ ആസ്ഥാനമായുള്ള ഐറേലിയ കമ്പനി ലിമിറ്റഡ് തുടങ്ങിയവയും ലേലത്തിൽ പങ്കാളികളായി.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെ പ്രതിനിധീകരിച്ചിരുന്ന ഏജൻസിയായ റിതി സ്പോർട്സ് മാനേജ്മെന്റും രണ്ട് പുതിയ ഐപിഎൽ ടീമുകളിൽ ഒന്നിനായി ലേലത്തിൽ പങ്കെടുത്തു.
ലേലത്തിൽ പങ്കെടുക്ക എല്ലാ കക്ഷികളോടും അവരുടെ യോഗ്യതകൾ തെളിയിക്കുന്നതും ലേലത്തുക അടങ്ങിയതുമായ രണ്ട് കവറുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നതായി ക്രിക് ബസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) അതിന്റെ ലീഗൽ ഓഡിറ്റ് ഉദ്യോഗസ്ഥരും ആദ്യം യോഗ്യതാപത്രങ്ങൾ പരിശോധിക്കുമെന്നും അതിന് ശേഷം മാത്രമേ ലേലത്തുക രേഖപ്പെടുത്തിയ രണ്ടാമത്തെ കവർ തുറക്കൂ എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
പുതിയ ഐപിഎൽ ഫ്രാഞ്ചൈസികൾക്കായി 7000 കോടി മുതൽ 10000 കോടി രൂപ വരെ ചിലവഴിക്കപ്പെടുമെന്നാണ് ആദ്യഘട്ടത്തിൽ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. തുടക്കത്തിൽ 22 കമ്പനികൾ 10 ലക്ഷം രൂപയുടെ ടെൻഡർ രേഖ എടുത്തെങ്കിലും പത്ത് കക്ഷികൾ മാത്രമാണ് ലേലം വിളിച്ചത്. 2000 കോടി രൂപയാണ് പുതിയ ടീമുകളുടെ അടിസ്ഥാന വില.