അടിയന്തരഘട്ടങ്ങളിലെ പിസിആർ ഇളവ് പിൻവലിച്ചു; പ്രവാസികൾക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ തീരുമാനം

0
292

ന്യൂഡൽഹി: നാട്ടിലേക്കുള്ള യാത്രയ്ക്കായി അടിയന്തര ഘട്ടങ്ങളിൽ പ്രവാസികൾക്ക് പിസിആർ ടെസ്റ്റില്ലാതെ യാത്രചെയ്യാൻ അനുവദിക്കുന്ന ഇളവ് കേന്ദ്ര സർക്കാർ നിർത്തലാക്കി. ഇനി മുതൽ എല്ലാ യാത്രക്കാരും എയർ സുവിധയിൽ കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണമെന്ന് നിർദേശം പുറത്തിറക്കി.

എമർജൻസി വിഭാഗത്തിൽ വിവരങ്ങൾ നൽകി ഇനി രജിസ്റ്റർ ചെയ്യാനാകില്ല. കുടുംബത്തിൽ അത്യാഹിതം നടന്നാൽ നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾക്ക് ഇനി പിസിആർ ടെസ്റ്റ് എടുത്ത് റിസൾട്ട് വരുന്നത് വരെ കാത്തിരിക്കണം.

ഉറ്റവരുടെ മരണം അറിഞ്ഞോ മറ്റ് അത്യാഹിതങ്ങൾക്കോ അടിയന്തിരമായി പോകേണ്ടവർക്ക് പിസിആർ പരിശോധനയില്ലാതെ യാത്ര ചെയ്യാൻ നേരത്തേ അനുമതിയുണ്ടായിരുന്നു. ഈ ഇളവാണ് കേന്ദ്രസർക്കാർ പിൻവലിച്ചത്.

അതേസമയം, വിവിധ എയർപോർട്ടുകളിൽ പിസിആർ പരിശോധനക്ക് പല സമയമാണ് എടുക്കുന്നത്. ദുബായ് എയർ പോർട്ട് ടെർമിനൽ മൂന്നിലും ഷാർജ വിമാനത്താവളത്തിലും മൂന്ന് മണിക്കൂറിനകം പിസിആർ പരിശോധനാ ഫലം കിട്ടുമെങ്കിലും ജിസിസിയിലെ മറ്റ് രാജ്യങ്ങളിൽ സാധാരണ ഗതിയിൽ എട്ട് മുതൽ 12 മണിക്കൂർ വരെയെങ്കിലും എടുക്കും.

നിലവിൽ എയർ സുവിധയിൽ രജിസ്റ്റർ ചെയ്ത് 72 മണിക്കൂറിനിടെയുള്ള പിസിആർ നെഗറ്റീവ് റിസൾട്ട് അപ്പ്ലോഡ് ചെയ്താണ് പ്രവാസികൾ നാട്ടിലേക്ക് പോകുന്നത്. യുഎഇ ഒഴികെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് അടിയന്തരമായി നാട്ടിലേക്ക് മടങ്ങുന്നവർക്ക് പുതിയ തീരുമാനം തിരിച്ചടിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here