സിനിമാതാരങ്ങളില്‍ ബഹുഭൂരിപക്ഷവും ഇന്ന് സമൂഹമാധ്യമങ്ങളില്‍ (Social Media) സജീവമാണ്. താരങ്ങള്‍ മാത്രമല്ല, സാങ്കേതിക പ്രവര്‍ത്തകരും പബ്ലിസിസ്റ്റുകളുമൊക്കെ. ഒരു കാലത്ത് ചലച്ചിത്ര മാധ്യമങ്ങളില്‍ക്കൂടി മാത്രമാണ് അവര്‍ക്ക് പ്രേക്ഷകരുമായി സംവദിക്കാന്‍ കഴിഞ്ഞിരുന്നതെങ്കില്‍ സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് ആ അകലം കുറച്ചിട്ടുണ്ട്. ട്വിറ്റര്‍ ആണ് മറ്റു സിനിമാമേഖലകളിലെ താരങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതെങ്കില്‍ മലയാള സിനിമയെ സംബന്ധിച്ച് ആ സ്ഥാനം ഫേസ്ബുക്കിനാണ്. എന്നാല്‍ ട്വിറ്ററിലും (Twitter) ഇവിടുത്തെ പ്രധാന താരങ്ങള്‍ക്ക് കാര്യമായ ഫോളോവിംഗ് ഉണ്ട്. ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള മലയാളി താരങ്ങളിലൊരാള്‍ തീര്‍ച്ഛയായും മമ്മൂട്ടിയാണ് (Mammootty).
ഫേസ്ബുക്കിലേതിന് സമമായി ഇല്ലെങ്കിലും ട്വിറ്ററിലും മമ്മൂട്ടിക്ക് ഒട്ടേറെ ഫോളോവേഴ്സ് ഉണ്ട്. കൃത്യമായി പറഞ്ഞാല്‍ 1.3 മില്യണ്‍, അതായത് 13 ലക്ഷത്തില്‍ അധികം. അതേസമയം അദ്ദേഹം തിരികെ ഫോളോ ചെയ്യുന്നത് രണ്ടേരണ്ട് അക്കൗണ്ടുകള്‍ മാത്രമാണ്. ദുല്‍ഖര്‍ സല്‍മാന്‍റെയും അമിതാഭ് ബച്ചന്‍റെയും അക്കൗണ്ടുകളാണ് അത്.
അതേസമയം അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനായി ഹംഗറിയിലാണ് മമ്മൂട്ടി ഇപ്പോള്‍. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഏജന്‍റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. പ്രതിനായക വേഷത്തിലെത്തുന്ന മമ്മൂട്ടിയുടേത് ഒരു പട്ടാള ഉദ്യോഗസ്ഥന്‍റെ കഥാപാത്രമായിരിക്കും. 2019 ചിത്രം യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിന്‍റെ ആഹ്ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികള്‍. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. ചിത്രം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അതേസമയം നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ‘പുഴു’വാണ് അടുത്തിടെ മമ്മൂട്ടി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം. അമല്‍ നീരദിന്‍റെ ‘ഭീഷ്‍മ പര്‍വ്വ’മാണ് മലയാളത്തില്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം.