സ്‌കൂളുകളില്‍ ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം; ക്ലാസുകള്‍ ഉച്ചവരെ; മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചഭക്ഷണവും നല്‍കും

0
283

സ്‌കൂളുകളില്‍ ഇനി മുതല്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ഇനി ക്ലാസുകള്‍. എല്‍പി ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികളെ വീതമായിരിക്കും ഇരുത്താന്‍ അനുവദിക്കുകയെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

തയ്യാറാക്കിയ മാര്‍ഗരേഖയനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചഭക്ഷണം തയ്യാറാക്കി ഓരോ സ്‌കൂളിന്റെയും സാഹചര്യമനുസരിച്ച് വിതരണം ചെയ്യും. ഇതിനായി പി.ടി.എ.യുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ട്രേഡ് യൂണിയനുകളുടെയും സംയുക്ത യോഗം വിളിച്ചുചേര്‍ക്കും.

ആയിരം കുട്ടികൡ കൂടുതലുള്ള സ്‌കൂളില്‍ 25 ശതമാനം പേര്‍ ഒരു ദിവസം സ്‌കൂളില്‍ വന്നാല്‍ മതി. ഓരോ ബാച്ചും തുടര്‍ച്ചയായ മൂന്നുദിവസം എന്ന രീതിയിലാണ് ക്രമീകരണം. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പുവരുത്തും. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും സ്‌കൂളുകളില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ തൊട്ടടുത്ത സ്‌കൂളുകളിലേക്ക് മാറ്റാനുള്ള നടപടിയുണ്ടാകും.

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുടമകളുമായി ചര്‍ച്ച നടത്തും. കെഎസ്ആര്‍ടിസി നിലവിലുള്ള കണ്‍സെഷന്‍ തുടരും. ഒക്ടോബര്‍ 23നുശേഷം പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത ജില്ലാ അടിസ്ഥാനത്തില്‍ പരിഹരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here