ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ – പാകിസ്താന്‍ മത്സരം ഉണ്ടാക്കിയ അലയൊലികള്‍ ഇതുവരെ അടങ്ങിയിട്ടില്ല. ഇന്ത്യ മത്സരം തോറ്റതിനു പിന്നാലെ പാക് ആരാധകരുടെ ആഘോഷങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരു ടീമിന്റെയും ആരാധകരുടെ ട്വിറ്റര്‍ പോരും ശ്രദ്ധ നേടി. ഇന്ത്യയ്‌ക്കെതിരേ ഒരു ലോകകപ്പ് മത്സരത്തില്‍ പാകിസ്താന്‍ നേടുന്ന ആദ്യ ജയമായിരുന്നു ഇത്.
എന്നാല്‍ ഇതിനിടെ വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ കൈവിട്ട് പോകാൻ തുടങ്ങിയത്. മത്സരം പരാജയപ്പെട്ടശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സ്‌പോര്‍ട്മാന്‍ഷിപ്പിനെ പ്രശംസിക്കുകയും ബാബര്‍ അസം-മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ടിന് കൈയടിക്കുകയും ചെയ്ത സോഷ്യല്‍ മീഡിയ പൊടുന്നനെ ഒരു താരത്തിലേക്ക് മാത്രം തിരിഞ്ഞു. മത്സരത്തില്‍ 3.5 ഓവറില്‍ 43 റണ്‍സ് വഴങ്ങിയ മുഹമ്മദ് ഷമിയിലേക്ക്.
തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളും വിദ്വേഷ പ്രചരണങ്ങളുമാണ് ഷമിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ കമന്റ് ബോക്‌സുകള്‍ അധിക്ഷേപ വാക്കുകളാല്‍ നിറഞ്ഞു.
ശരിയാണ് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ പണ്ടുമുതല്‍ തന്നെ വൈകാരികമായ ഒരു സംഗതിയാണ്. ആളുകളുടെ പ്രതികരണങ്ങളും അതിവൈകാരികമായിരിക്കും.
ഷമിക്കെതിരേ സ്വന്തം നാട്ടില്‍ നിന്നു തന്നെ ഇത്തരത്തിലുള്ള ഒരു വിദ്വേഷ പ്രചരണം നടക്കുന്ന എന്ന തരത്തിലാണ് ഇക്കാര്യം ഇന്ത്യയ്ക്ക് പുറത്ത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയത്.
രാഹുല്‍ ഗാന്ധിയും സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ള മുന്‍ ക്രിക്കറ്റ് താരങ്ങളും ഇതോടെ ഷമിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തേണ്ടി വന്നു. ഇതോടെ സപ്പോര്‍ട്ട് ഷമി എന്ന ഹാഷ്ടാഗ് തന്നെ ട്രെന്‍ഡിങ്ങുമായി.
പല പ്രമുഖ വിദേശ മാധ്യമങ്ങളും ഷമിക്കെതിരായ ഈ സൈബര്‍ ആക്രമണം ഏറ്റെടുത്തിരുന്നു. ഇതോടെ ഇന്ത്യന്‍ ആരാധകരുടെ പെരുമാറ്റം ആഗോളതലത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തു.
എന്നാല്‍ ഷമിക്കെതിരായ ഇത്തരം വിദ്വേഷ പ്രചരണങ്ങളുടെ ഉറവിടം യഥാര്‍ഥത്തില്‍ ഇന്ത്യ തന്നെയാണോ. ഏതാനും ദേശീയ മാധ്യമങ്ങളാണ് ഈ സംശയം ആദ്യം ഉയര്‍ത്തിയത്. മാത്രമല്ല ഇത് ഗൂഢാലോചനയുടെ ഭാഗമായി മനഃപൂര്‍വം ഉണ്ടാക്കിയെടുത്ത ഒരു ആക്രമണമായിരുന്നോ എന്ന സംശയവും ഈ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ഈ വിഷയത്തില്‍ ദേശീയ മാധ്യമമായ ഡിഎന്‍എ നടത്തിയ അന്വേഷണത്തില്‍ ഷമിക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിവിട്ട ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പലതും ഏതാനും ദിവസങ്ങള്‍ മാത്രം പ്രായമുള്ളവയാണെന്നാണ് കണ്ടെത്തല്‍. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ ഇവയില്‍ മിക്ക അക്കൗണ്ടുകളുടെയും ഉറവിടം പാകിസ്താന്‍ ആണെന്നതാണ്.
ബാറ്റിങ്ങില്‍ പരാജയപ്പെട്ട രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് നേരെയൊന്നും ഉയരാത്ത വിമര്‍ശനങ്ങള്‍ മുഹമ്മദ് ഷമി എന്ന താരത്തിന് നേരെ മാത്രം ഉയര്‍ന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് എല്ലാവരും ഉയര്‍ത്തിയിരുന്നത്. ഇവിടെയാണ് ഷമിയുടെ മതം ചര്‍ച്ചയാകുന്നത്. ഇസ്ലാം മതവിശ്വാസിയായ ഒരു താരം ഇസ്ലാമിക രാജ്യമായ പാകിസ്താനെതിരായ മത്സരത്തില്‍ മോശം പ്രകടനം പുറത്തെടുത്തു എന്നതാണ് താരത്തിനെതിരായ വിദ്വേഷ പ്രചരണങ്ങള്‍ക്ക് കാരണമായതെന്നായിരുന്നു വിദേശ മാധ്യമങ്ങളുടെ കണ്ടെത്തല്‍. നിലവിലെ ഇന്ത്യയുടെ സാമൂഹിക – രാഷ്ട്രീയ സാഹചര്യവും ഈ നിരീക്ഷണത്തിന് എരിവും പുളിയും പകര്‍ന്നു.
എന്നാല്‍ ഇതേ കാര്യം ചൂണ്ടിക്കാട്ടി രാജ്യത്തെ ലോകത്തിനു മുന്നില്‍ തരംതാഴ്ത്താനുള്ള സംഘടിത ഗൂഢാലോചനയാണ് ഇക്കാര്യങ്ങള്‍ക്കെല്ലാം പിന്നിലെന്നാണ് ഡിഎന്‍എയുടെ കണ്ടെത്തല്‍. മുസ്ലിങ്ങള്‍ ഇന്ത്യയില്‍ ഒട്ടും തന്നെ ബഹുമാനിക്കപ്പെടുന്നില്ലെന്നും അവര്‍ക്കെതിരേ എന്തും ആകാമെന്നും കാണിക്കാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടെന്നും ഡിഎന്‍എയുടെ റിപ്പോര്‍ട്ട് പറഞ്ഞുവെയ്ക്കുന്നു.
ഷമിയുടെ ഇന്‍സ്റ്റഗ്രാം കമന്റ് ബോക്‌സില്‍ മേജര്‍ മുഹമ്മദ് ഷമി ഐഎസ്‌ഐ ഏജന്റ് എന്ന് കമന്റ് ചെയ്ത ഒരു അക്കൗണ്ട് ഉടമയുടെ പേര് ഫൈസി ഗ്രാം എന്നാണ്. ഈ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ കണ്ടെത്താനായത് ഇയാള്‍ പാകിസ്താനിലെ ഒരു അഭിഭാഷകനാണെന്നാണ്. അതുപോലെ തന്നെ മുഹമ്മദ് കമ്രാന്‍ എന്നൊരാള്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കമന്റ് ചെയ്തിരിക്കുന്നത് വെല്‍ഡണ്‍ ഐ.എസ്.ഐ ഏജന്റ് മുഹമ്മദ് ഷമി, ഞങ്ങള്‍ നിന്നില്‍ അഭിമാനിക്കുന്നു’ എന്നാണ്. ഇയാളുടെ അക്കൗണ്ട് പരിശോധിച്ചതില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചത് ഇയാള്‍ കറാച്ചി സ്വദേശിയാണെന്നാണെന്ന് ഡി.എന്‍.എയുടെ റിപ്പോര്‍ട്ട് പറയുന്നു.
ഇത്തരത്തില്‍ താരത്തിനെതിരേ അധിക്ഷേപ കമന്റുകള്‍ വന്ന നദീം ഖാന്‍, മെഹു ക്യൂട്ട് ഗേള്‍ എന്നീ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളെല്ലാം അടുത്തിടെ മാത്രം ഉണ്ടാക്കിയിട്ടുള്ളവയാണെന്നും ഇവയെല്ലാം തന്നെ വ്യാജ അക്കൗണ്ടുകളാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇത്തരത്തില്‍ ഷമിക്കെതിരേ വിദ്വേഷ കമന്റുകള്‍ എഴുതിവിട്ട ട്വിറ്റര്‍ അക്കൗണ്ടുകളില്‍ സിംഹഭാഗത്തിന്റെ ഉറവിടവും പാകിസ്താനാണെന്ന് റിപ്പബ്ലിക്ക് ഡോട്ട് കോം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അലിതാസ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് മാത്രം ഷമിക്കെതിരേ ഉയര്‍ന്നത് 28-ഓളം മോശം കമന്റുകളാണ്. വൈകാതെ ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടുവെന്നും ഇതിന്റെ ഉറവിടം പാകിസ്താനാണെന്നും റിപ്പബ്ലിക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മത്സരത്തില്‍ പാകിസ്താന്റെ വിജയത്തിനു പിന്നാലെ പാകിസ്താന്‍ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിന്റേതായി വന്ന പ്രസ്താവനയും ഈ വിഷയവുമായി ചേര്‍ത്ത് വായിക്കണമെന്ന് റിപ്പബ്ലിക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാബര്‍ അസമിനെയും ടീമിനെയും അഭിനന്ദിച്ച അദ്ദേഹം ഈ വിജയം ഇന്ത്യയിലെ മുസ്ലിങ്ങളും ആഘോഷമാക്കണമെന്നാണ് ആഹ്വാനം ചെയ്തത്. ഇസ്ലാമിന്റെ വിജയമാണ് ഇതെന്നാണ് മന്ത്രി എടുത്ത് പറഞ്ഞത്.
ഇത്തരം കാര്യങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കാനുള്ള കൃത്യമായ പദ്ധതിയുടെ ഭാഗമായി വ്യാജമായി ഉണ്ടാക്കിയെടുത്ത ഒരു സൈബര്‍ ആക്രമണമാണ് ഷമിക്കെതിരേ നടന്നതെന്നാണെന്നും റിപ്പോര്‍ട്ട് പറയുന്നു.