ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വളരെ പിന്നില്‍. 2020ലെ 94ാം സ്ഥാനത്തുനിന്ന് 2021ല്‍ 101ാം സ്ഥാനത്തെത്തി. 116 രാജ്യങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പാകിസ്താനും ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
മാത്രമല്ല ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍,ശ്രീലങ്ക തുടങ്ങിയവയും പട്ടികയില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണ്. സോമാലിയ, സിയേറ ലിയോണ്‍ തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്.
പാകിസ്താന്‍ 92, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവ 76ാം സ്ഥാനത്തും മ്യാന്‍മര്‍ 71ാം സ്ഥാനത്തുമാണ്. ചൈന, ബ്രസീല്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയിലെ ആദ്യ റാങ്കുകളില്‍ ഇടംപിടിച്ചു. വ്യാഴാഴ്ചയാണ് വിശപ്പ്, പോഷകാഹാരകുറവ് എന്നിവ നിര്‍ണയിക്കുന്ന ആഗോള പട്ടിണി സൂചിക വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പങ്കുവെച്ചത്.
പോഷകാഹാരക്കുറവ്, കുട്ടികളെ ഉപേക്ഷിക്കല്‍, ശിശു മന്ദത, ശിശുമരണനിരക്ക് എന്നീ നാല് സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി പട്ടിക നിര്‍ണയിക്കുന്നത്. ഈ വര്‍ഷത്തെ റാങ്കിംഗ് അനുസരിച്ച് സൊമാലിയയിലാണ് ഉയര്‍ന്ന പട്ടിണിയുള്ളത്.
ന്യൂ ഗിനിയ(102), അഫ്ഗാനിസ്ഥാന്‍(103), നൈജീരിയ(103), കോംഗോ(105), മൊസാംബിക്ക്(106), സിയറ ലിയോണ്‍(106), തിമോര്‍ലെസ്റ്റെ(108), ഹെയ്തി(109), ലൈബീരിയ (110), മഡഗാസ്‌കര്‍(111), ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ(112), ചാഡ്(113), സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്(114), യെമന്‍(115), സൊമാലിയ(116) എന്നിങ്ങനെയാണ് ഇന്ത്യക്ക് പിന്നിലുള്ള രാജ്യങ്ങളുടെ സ്ഥാനം.
പട്ടിണി ഏറ്റവും ഗൗരവമേറിയ 31 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന പട്ടിണിയുടെ അളവ് ഭയപ്പെടുത്തുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
India Falls To 101 From 94 In Hunger Index, Behind Pak, Nepal
ഇന്ത്യയുടെ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡക്‌സ് (ജി.എച്ച്.ഐ) 2000ത്തില്‍ 38.8 ആയിരുന്നു. 2012- 2021 കാലയളവില്‍ ഇത് 28.8 ,27.5 എന്നിവയിലെത്തി.
കുട്ടികളിലെ പോഷകാഹാര കുറവ് പട്ടിണി എന്നിവ പരിശോധിക്കുമ്പോള്‍ ഏറ്റവും മോശം സ്ഥിതിയിലുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജനങ്ങളെ കഠിനമായി ബുദ്ധിമുട്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.