യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനം സജീവമാക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇതിന്റെ ഭാഗമായി 51 രൂപ കാഷ്ബാക്ക് ഓഫര്‍ നല്‍കുകയാണ് വാട്‌സ്ആപ്പ്. എഫോണ്‍ ഉപയോക്താക്കള്‍ക്ക് നേരത്തെ ലഭ്യമായിരുന്ന ഓഫര്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനിലും ലഭ്യമാക്കിയിട്ടുണ്ട്.
‘പണം നല്‍കൂ, 51 രൂപ കാഷ്ബാക്കായി നേടൂ’ എന്ന സന്ദേശം വാട്‌സ്ആപ്പിന്റെ ബാനറായി പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്തരായ അഞ്ചുപേര്‍ക്ക് പണം നല്‍കുന്നതിലൂടെ ഉറപ്പായും 51 രൂപ കാഷ്ബാക്ക് ലഭിക്കുമെന്നാണ് വാഗ്ദാനം.
ഇപ്പോള്‍ ഓഫര്‍ വാട്‌സ്ആപ്പ് ബീറ്റ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ ഇന്ത്യയില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാക്കുമെന്നാണ് അറിയുന്നത്.
ഈ രംഗത്തെ അതികായരായ ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ കമ്പനികളോടാണ് വാട്‌സ്ആപ്പ് മത്സരിക്കാനെത്തുന്നത്. കുറേ മുമ്പ് തന്നെ വാട്‌സ്ആപ്പ് പേ അവതരിപ്പിച്ചിരുന്നെങ്കിലും സജീവമായിരുന്നു. ഈയിടെയായി, ചാറ്റ്, വോയിസ് ബട്ടണുകള്‍ പോലെ തന്നെ പേയ്‌മെന്റ് ബട്ടണും വാട്‌സ്ആപ്പ് ചാറ്റ് ബാറില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രൂപയുടെ ചിഹ്നമാണ് ഈ ഐക്കണിനായി ഉപയോഗിച്ചിരിക്കുന്നത്.