കൊച്ചി: കേരള സർക്കാരിന്റെ ലോട്ടറിയെടുത്ത് ഭാഗ്യം പരീക്ഷിക്കുന്നവരിൽ പലരും ലഭിച്ച ഭാഗ്യം തേടിയെത്താത്തത് സർക്കാരിന് ‘ബംബർ’ നേട്ടമാവുന്നു. ഭാഗ്യാന്വേഷികൾ എത്താത്തതിനാൽ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ സർക്കാർ ഖജനാവിലേക്ക് കിട്ടിയത് 291 കോടി രൂപയാണ്. ഇതിൽ ഒന്നാംസമ്മാനം കിട്ടിയ തുക ഉൾപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിന് വിവരങ്ങൾ ലഭ്യമല്ലെന്നാണ് സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിന്റെ മറുപടി.
വിവരാവകാശ പ്രവർത്തകൻ എം.കെ. ഹരിദാസിന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. 2011-12 മുതൽ 2021 മേയ് വരെ ലോട്ടറി വിറ്റ വകയിൽ സർക്കാരിനുണ്ടായ ലാഭം 12,630 കോടി രൂപയാണ്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ലോട്ടറിക്കച്ചവടത്തിലൂടെ സർക്കാരിനു ലഭിച്ച ലാഭം 5142.96 കോടിയാണ്. ഒന്നാം പിണറായി സർക്കാരിനുണ്ടായ ലാഭം 7487.7 കോടിയും.
ആറ്് ബംബർ ലോട്ടറിയടക്കം 12 ലോട്ടറികളാണ് വിൽപ്പനയ്ക്കുള്ളത്. ആറു ലോട്ടറികൾ പ്രതിവാരം നറുക്കെടുക്കുന്നതാണ്. 16,703 അംഗീകൃത ലോട്ടറി ഏജന്റുമാരാണുള്ളത്. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നവരുടെ വിവരം സർക്കാർ ഇതുവരെ ശേഖരിച്ചിട്ടില്ല.
ലോട്ടറി വിറ്റ വകയിലെ ലാഭം (തുക കോടിയിൽ)
2011-12: 449.12
2012-13: 776.02
2013-14: 903.78
2014-15: 1366.36
2015-16: 1647.68
2016-17: 1882.55
2017-18: 1696.05
2018-19: 1673.11
2019-20: 1763.69
2020-21: 472.70
വിജയികൾ എത്താത്തതിനാൽ ഖജനാവിലേക്കുപോയ തുക (കോടിയിൽ)
2016- 14.25
2017- 19.90
2018- 19.21
2019- 15.48
2020- 82.75