ദുബൈ: അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടുതല്‍ താഴ്ന്നതോടെ വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ ഇന്ത്യന്‍ രൂപ. നാട്ടിലേക്ക് അയക്കുന്ന പണത്തിന് പ്രവാസികള്‍ക്ക് ഇപ്പോള്‍ മികച്ച വിനിമയ നിരക്കാണ് ലഭിക്കുന്നത്.
വെള്ളിയാഴ്ച ഡോളറിനെതിരെ 74.98 എന്ന നിലയാണ് ഇന്ത്യന്‍ രൂപയുടെ വിനിമയം. അതുകൊണ്ടു തന്നെ ഗള്‍ഫ് കറന്‍സികള്‍ക്കെല്ലാം ഇന്ത്യന്‍ രൂപയിലേക്ക് നല്ല വിനിമയ നിരക്ക് ലഭിക്കുന്നുണ്ട്. യുഎഇ ദിര്‍ഹത്തിന് 20.41 രൂപയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു സൗദി റിയാലിന് 19.99 ഇന്ത്യന്‍ രൂപ ലഭിക്കുന്നുണ്ട്. ഒമാന്‍ റിയാലിന് 195.02 രൂപയാണ് നിരക്ക്. ബഹ്‌റൈന്‍ ദിനാറിന് 199.43 രൂപയും കുവൈത്ത് ദിനാറിന് 248.62 രൂപയും ഖത്തര്‍ റിയാലിന് 20.60 രൂപയുമാണ് ഇന്നത്തെ വിനിമയ നിരക്ക്.