ലഖ്നൗ: യു.പി പൊലീസ് തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി. കഴിഞ്ഞ 14ന് ജാമ്യം ലഭിച്ച ഇവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ഇന്ന് പുറത്തിറങ്ങുകയായിരുന്നു. ലഖ്‌നൗ അഡീഷണല്‍ ജില്ലാ 17ാം നമ്പര്‍ കോടതിയാണ് ഏഴുവയസ്സുകാരനും വൃദ്ധരായ സ്ത്രീകളും ഉള്‍പ്പടെ നാല് പേര്‍ക്ക് ജാമ്യം അനുവദിച്ചത്.
36 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഏഴുവയസ്സുകാരന്‍ ഉള്‍പ്പടെ ജയില്‍ മോചിതരായത്. അഭിഭാഷകരായ മുകുല്‍ ജോഷി, സുഭാഷ് ബിസാരിയ എന്നിവരാണ് ഇവര്‍ക്ക് വേണ്ടി ഹാജരായത്. ജയില്‍ മോചിതരായവര്‍ നാളെ രാവിലെ 11ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
മൂന്ന് വനിതകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയുമാണ് കഴിഞ്ഞ ഒരുമാസത്തിലധികമായി ലഖ്നൗവിലെ ജയിലില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ മാസം അറസ്റ്റിലായ വനിതകള്‍ക്ക് ഈ മാസം 14ന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഇതുവരെ പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.