തിരുവനന്തപുരം: മലയാളി കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് എത്ര കോടി രൂപയുടെ മദ്യം (Liquor) കുടിച്ചുണ്ടാകും? ലഹരിവിമുക്തിക്കായി എത്ര കോടി രൂപ സര്‍ക്കാര്‍ ചെലഴിച്ച് കാണും? ആ കണക്ക് ഞെട്ടിക്കുന്നതാണ്. മലയാളി പത്ത് വർഷം കൊണ്ട് കുടിച്ചത് 1.15 ലക്ഷം കോടി രൂപയുടെ മദ്യമാണ്. ഏഷ്യാനെറ്റ്ന്യൂസിന്‍റെ വിവരാവകാശ അപേക്ഷയിലാണ് ഞെട്ടിക്കുന്ന മറുപടി ലഭിച്ചത്.
2010-11 മുതല്‍ 2020-21 വരെയുള്ള കണക്കാണ് എടുത്തത്. ഓരോ വർഷം കഴിയുംതോറും തുക കൂടിക്കൂടി വരികയാണ്. കുടിക്കാന്‍ ചെലവഴിച്ച തുക പത്ത് വർഷത്തിനിടെ ഇരട്ടിയായി.
അതേസമയം, മദ്യവർജനത്തിനുള്ള വിമുക്തി പദ്ധതിക്കായി സര്‍ക്കാര്‍ അഞ്ച് വർഷത്തിനിടെ ചെലവഴിച്ചത് 43 കോടി രൂപ മാത്രമാണ്.
ലഹരി വിമുക്തരായവര്‍ എത്രയെന്നറിയില്ലെന്ന് എക്സൈസ് വകുപ്പ് പറയുന്നു. അഞ്ച് വർഷത്തിനിടെ ആകെ കിടത്തി ചികില്‍സിച്ചത് 4750 പേരെ മാത്രമാണ്. വിമുക്തി പദ്ധതിക്കായി ചെലവഴിച്ച 43 കോടി രൂപ പോയ വഴിയറിയില്ല.