ബംഗളൂരു: കേരളത്തിലേക്ക് പോകാൻ അനുമതി തേടിക്കൊണ്ട് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി സമർപ്പിച്ച ഹർജി സുപ്രീം കോടതി തളളി. കർണാടക സർക്കാരിന്റെ എതിർപ്പിനെ തുടർന്നാണ് നടപടി. കേസ് വിചാരണഘട്ടത്തിലെന്നും സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും കർണാടക സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ചാണ് കർണാടക സർക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ട് ഹർജി തള്ളിയത്.
ബംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന് മഅദ്‌നി ആവശ്യപ്പെട്ടിരുന്നു. ബംഗളൂരു സ്‌ഫോടന കേസിലാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിക്കൊണ്ട് മഅദനി സുപ്രീം കോടതിയെ സമീപിച്ചത്. ആരോഗ്യപരമായ പ്രശ്‌നങ്ങളും കൊറോണ സാഹചര്യവും ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് പോകാൻ അനുമതി നൽകണമെന്നായിരുന്നു ആവശ്യം.
2014 മുതൽ സുപ്രീം കോടതി നിർദ്ദേശിച്ച ജാമ്യവ്യവസ്ഥകൾ പൂർണമായി പാലിച്ചാണ് താൻ കഴിയുന്നതെന്നും ഒട്ടനവധി രോഗങ്ങൾ മൂലം വലിയ പ്രയാസം നേരിടുന്നുവെന്നും മഅദനിയുടെ ഹർജിയിൽ പറഞ്ഞു. അടുത്തിടെ ഡോക്ടറുടെ നിർദേശപ്രകാരം ശസ്ത്രക്രിയയ്‌ക്ക് വിധേയമായി. രോഗിയായ പിതാവിനെ സന്ദർശിക്കാനും പരിചരിക്കാനുമുള്ള സാഹചര്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.