കാസർകോട്: കോവിഡ് നിയന്ത്രണം കർക്കശമാക്കിയതോടെ നിർത്തിയ മംഗളൂരുവിലേക്കുള്ള കെഎസ്‌ആർടിസി ബസ് സർവീസ് നവമ്പർ ഒന്നിന് തുടങ്ങും. കേരളത്തിന്റെ 26 ബസും കർണാടകയുടെ 30 ബസുമാണ് ഓടുക. കേരളത്തിന്റെ 23 ബസ് രാവിലെയും മൂന്ന് ഉച്ചയ്‌ക്ക് ശേഷവും ഉണ്ടാകും. രാവിലെ ആറുമുതലായിരിക്കും സർവീസ്.
കോവിഡിന് മുമ്പ് കേരളത്തിന്റെ 40 ബസും കർണാടകയുടെ 43 ബസുമാണ് ഓടിയിരുന്നത്. സംസ്ഥാനത്ത് ഒന്നുമുതൽ 950 സർവീസ് ആരംഭിക്കാൻ കെഎസ്‌ആർടിസി തീരുമാനിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും കാസർകോടിനാണ് ലഭിക്കേണ്ടത്. അങ്ങനെയെങ്കിൽ മംഗളൂരുവിലേക്ക് കൂടുതൽ ബസുണ്ടാകും. സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലേക്കും അധിക ബസുണ്ടാകും.
യാത്രക്കാർ കൂടി; വരുമാനവും
കാസർകോട് ഡിപ്പോയിൽ നിന്നുള്ള ബസിനെ ആശ്രയിക്കുന്നവരുടെ എണ്ണം നിലവിൽ വർധിച്ചിട്ടുണ്ട്. 44,000 യാത്രക്കാർ പ്രതിദിനം പ്രധാന റൂട്ടുകളായ തലപ്പാടി, കണ്ണൂർ, കാഞ്ഞങ്ങാട്, പഞ്ചിക്കൽ, അടുക്കസ്ഥല എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്. 90 സർവീസ് നടത്തുന്ന സമയത്ത് 53,000 യാത്രക്കാരുണ്ടായിരുന്നു. വരുമാനത്തിലും വലിയ വർധനവുണ്ടായി. തിങ്കളാഴ്‌ച 10.45 ലക്ഷം രൂപ ലഭിച്ചു. ചൊവ്വാഴ്‌ച 9.68 ലക്ഷം രൂപ കിട്ടി. പകുതി വരുമാനവും തലപ്പാടി റൂട്ടിൽ നിന്നാണ്. മംഗളൂരു ബസ് തലപ്പാടി വരെയും സുള്ള്യ പഞ്ചിക്കൽ വരെയും പുത്തൂർ അടുക്കസ്ഥല വരെയുമാണ് നിലവിൽ ഓടുന്നത്. പൂർണ സർവീസ് ആരംഭിക്കുന്നതോടെ വരുമാനം വർധിക്കും. നിലവിൽ 60 ബസ് കാസർകോട് ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്നു.
മലയോരത്ത് നാളെ തുടങ്ങും
കാഞ്ഞങ്ങാട്: കോവിഡ് കാലത്ത് കാഞ്ഞങ്ങാട് ഡിപ്പോ നിർത്തിയ കെഎസ്‌ആർടിസി മലയോര സർവീസ് വെള്ളിയാഴ്‌ച തുടങ്ങും.
രാവിലെ 7.10ന് കാഞ്ഞങ്ങാട് –- ചെറുവത്തൂർ, 8.30ന് ചെറുവത്തൂർ ചീമേനി–-മൗക്കോട് എളേരി–-പുങ്ങംചാൽ, 10.30ന് പുങ്ങംചാൽ–-വെള്ളരിക്കുണ്ട്–-ഭീമനടി–-നീലേശ്വരം–- കാഞ്ഞങ്ങാട്, 1.40ന് കാഞ്ഞങ്ങാട്–-നിലേശ്വരം–-എളേരി– പുങ്ങംചാൽ–-മാലോം, 3.-50ന് മാലോം–- പുങ്ങംചാൽ–-മൗക്കോട് ചീമേനി–-ചെറുവത്തൂർ, 5.40ന് ചെറുവത്തൂർ–-കാഞ്ഞങ്ങാട് സർവീസുകളും ശനിയാഴ്‌ച മുതൽ വൈകിട്ട് 3.30ന് കാസർകോട് –- എരിഞ്ഞിപ്പുഴ–- കുറ്റിക്കോൽ–- മാലക്കല്ല് –-പാണത്തൂർ ബസ് സർവീസ് നടത്തും.