ഭിന്നശേഷി ക്രിക്കറ്റ്; ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച് അലി പാദാർ

0
235

കാസർകോട് ∙ പരിമിതികൾ ഒരിക്കലും അലിക്കു തടസ്സമായിരുന്നില്ല. കാസർകോട് മൊഗ്രാൽ പുത്തൂരിൽ ക്രിക്കറ്റ് മൈതാനത്തിൽ തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിക്കുമ്പോളും വിക്കറ്റുകൾ നേടുമ്പോളും ഇടതു കയ്യുടെ കുറവ് അലിക്കു തടസ്സമായിട്ടില്ല. ക്രിക്കറ്റിനോടുള്ള അലി പാദാറിന്റെ അണയാത്ത ഇഷ്ടം 25 വർഷങ്ങൾക്കു ശേഷം ഭിന്നശേഷി വിഭാഗം ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയിരിക്കുന്നു. ഒരു സാധാരണ ക്രിക്കറ്റർ വിരമിക്കുന്ന പ്രായത്തിൽ 38–ാം വയസ്സിൽ അരങ്ങേറ്റം കുറിച്ച അലിയുടെ മനസ്സ് ഇപ്പോഴും ചെറുപ്പം തന്നെ.

ബംഗ്ലദേശിനെതിരായി ഔറംഗബാദിൽ നടന്ന ഭിന്നശേഷി ക്രിക്കറ്റ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അലി അരങ്ങേറ്റം കുറിച്ചു. ഓപ്പണറായിറങ്ങി ഒരു സിക്സും 2 ഫോറുമടക്കം അലി 20 പന്തിൽ 21 റൺസ് നേടി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 272 റൺസ് നേടിയ ഇന്ത്യ ബംഗ്ലദേശിനെതിരെ 43 റൺസിന്റെ വിജയം നേടി. 3 മത്സരങ്ങളാണു പരമ്പരയിലുള്ളത്. മുൻപ് ബൗളിങ്ങും ചെയ്തിരുന്ന അലി ഇപ്പോൾ കൂടുതലും ബാറ്റിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നിലവിലെ ഇന്ത്യൻ ഏകദിന ടീമിലിടം നേടിയ ഏക മലയാളിയാണ് അലി. ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തിൽ തന്നെ മികവു തെളിയിക്കാനായതിന്റെ ആഹ്ലാദത്തിലാണ് അലി. അടുത്ത മത്സരങ്ങളിൽ കൂടുതൽ മികവു പുലർത്താമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. മൊഗ്രാൽ പുത്തൂർ ബാച്ചിലേഴ്സ് ക്ലബിലെ അംഗമാണ് അലി. ജില്ലാ ക്രിക്കറ്റ് ലീഗ് മത്സരങ്ങളിലും ഭിന്നശേഷി രഞ്ജി, ട്വന്റി –20 മത്സരങ്ങളിലും മുൻപു തന്നെ അലി മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.

ഹൈദരാബാദിൽ നടക്കുന്ന ട്വന്റി–20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ അലിയെ കൂടാതെ മറ്റു 2 മലയാളി താരങ്ങൾ കൂടിയുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് അലിക്ക് ദേശീയ ടീമിലേക്ക് സിലക്ഷൻ ലഭിച്ചത്.ഏതാനും വർഷങ്ങൾ അലി ഗൾഫിൽ ജോലി ചെയ്തിരുന്നു. അവിടെയും ഒഴിവു സമയങ്ങളിൽ ക്രിക്കറ്റ് തന്നെ. കർഷകൻ കൂടിയാണ് ജില്ലയുടെ അഭിമാനമായ ഈ ക്രിക്കറ്റ് താരം.  ക്രിക്കറ്റിനെ എന്നു മുതലാണ് സീരിയസായി കണ്ടു തുടങ്ങിയതെന്ന ചോദ്യത്തിന് അലിയുടെ മറുപടി ‘തമാശയ്ക്ക് ക്രിക്കറ്റ് കളിയില്ല’ എന്നതായിരുന്നു. ഈ അടങ്ങാത്ത നിശ്ചയദാർഢ്യം തന്നെയാണ് 38–ാം വയസ്സിൽ അലിയെ ദേശീയ ടീമിലെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here