പ്രവാസികളുടെ പോക്കറ്റ് കാലിയാക്കുന്ന ഫോണ്‍ കോളുകള്‍; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

0
296

ദുബൈ: പൊലീസിന്റെയും മറ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളുടെയും പേരില്‍ ഫോണ്‍ കോളുകളിലൂടെയും സന്ദേശങ്ങളയച്ചും പണം തട്ടാന്‍ ശ്രമം.  നിരവധി പ്രവാസികള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തിലുള്ള ഫോണ്‍ കോളുകള്‍ ലഭിച്ചത്. ബാങ്കില്‍ നിന്നെന്ന് പറഞ്ഞായിരുന്നു നേരത്തെ കോളുകള്‍ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പൊലീസിന്റെ പേരിലും തട്ടിപ്പുകള്‍ക്ക് ശ്രമം നടക്കുന്നുണ്ട്.

കൊവിഡ് വാക്സിനേഷന്റെ പേര് പറഞ്ഞും ഇപ്പോള്‍ തട്ടിപ്പുകാരുടെ ഫോണ്‍ കോളുകള്‍ ലഭിക്കാറുണ്ടെന്ന് പ്രവാസികളിലെ അനുഭവസ്ഥര്‍ പറയുന്നു. ദുബൈ പൊലീസില്‍ നിന്നെന്ന് അവകാശപ്പെട്ട് ചിലര്‍ക്ക് ലഭിക്കുന്ന കോളുകളില്‍ എമിറേറ്റ്സ് ഐ.ഡി വിശദാംശങ്ങളാണ് ചോദിച്ചിരുന്നത്.  കൊവിഡ് വാക്സിനേഷന്‍ പരിശോധിക്കാനും അനധികൃത താമസക്കാരെ കണ്ടെത്താനുള്ള നടപടികളുടെ ഭാഗമാണെന്നുമായിരുന്നു പറഞ്ഞത്. പിന്നീട് പൊലീസില്‍ നിന്ന് നിങ്ങള്‍ക്ക് ഒ.ടി.പി ലഭിക്കുമെന്നും അത് പറഞ്ഞ് തരണമെന്നുമായി ആവശ്യം. നേരത്തെ തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരുന്നവര്‍ ഒ.ടി.പി കൈമാറാതെ കോള്‍ കട്ട് ചെയ്‍തു. പൊലീസില്‍ നിന്നുള്ള ഫോണ്‍ കോള്‍ കട്ട് ചെയ്‍തതിന് പൊലീസ് സ്റ്റേഷനിലെത്തി വന്‍തുക പിഴ അടയ്‍ക്കണമെന്ന് ആവശ്യപ്പെട്ടും പലര്‍ക്കും പിന്നാലെ കോളുകള്‍ ലഭിച്ചു.

നേരത്തെ ഉണ്ടായിരുന്നതുപോലെ എ.ടി.എം കാര്‍ഡുകളുടെ പേരിലുള്ള തട്ടിപ്പുകളും ഇപ്പോഴും തുടരുന്നുണ്ട്. ബാങ്കുകളുടെ പേരിലും യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേരിലുമൊക്കെ ഇത്തരം കോളുകള്‍ ലഭിക്കാറുണ്ട്. കാര്‍ഡുകളോ അല്ലെങ്കില്‍ ബാങ്ക് അക്കൌണ്ടോ ബ്ലോക്ക് ചെയ്‍തിട്ടുണ്ടെന്നും ഇത് നേരെയാക്കുന്നതിനായി ചില വിവരങ്ങള്‍ വേണമെന്നും ആവശ്യപ്പെടുകയാണ് രീതി. ഇത്തരത്തിലുള്ള ഫോണ്‍ കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ പല തവണ മൂന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൌണ്ട്, കാര്‍ഡ് വിവരങ്ങളോ കൈമാറിക്കഴിഞ്ഞാല്‍ പണം പിന്‍വലിക്കപ്പെട്ടെന്ന സന്ദേശമായിരിക്കും തൊട്ട് പിന്നാലെ ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here