‘നിങ്ങള്‍ പാകിസ്ഥാനികളാണ്’; ഇന്ത്യ പാകിസ്ഥാനോട് തോറ്റതിന് പഞ്ചാബിലെ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
372

അമൃത്സര്‍: പാകിസ്ഥാനെതിരായ ഇന്ത്യയുടെ തോല്‍വിയ്ക്ക് പിന്നാലെ പഞ്ചാബില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം.

പഞ്ചാബിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരയാണ് ആക്രമണം നടന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങള്‍ പാകിസ്ഥാനികളാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. പഞ്ചാബികളായ പരിസരവാസികളെത്തിയാണ് വിദ്യാര്‍ത്ഥികളെ രക്ഷിച്ചത്.

ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള ചില വിദ്യാര്‍ത്ഥികള്‍ വടികളുമായി വിദ്യാര്‍ത്ഥികളുടെ മുറികളിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നെന്നാണ് ഭായ് ഗുരുദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ആഖിബ് ഫ്രീ പ്രസ് കാശ്മീരിനോട് പറഞ്ഞത്.

ആറോളം കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

അതേസമയം, പാകിസ്ഥാനെതിരായ ഇന്ത്യയുടെ തോല്‍വിയ്ക്ക് പിന്നാലെ മുഹമ്മദ് ഷമിയ്ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികളാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നത്.

പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം.

ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്ഥാനോട് പരാജയപ്പെട്ടത്. ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here