ഉപ്പള ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിക്കുന്ന കെട്ടിടത്തിലുള്ള മാവേലി സ്റ്റോറിനു പുതിയ കെട്ടിടമായില്ല. ഇതോടെ പഞ്ചായത്തിലുള്ള മാവേലി സ്റ്റോർ നഷ്ടമാകുമെന്ന ആശങ്കയിൽ ജനങ്ങൾ. മംഗൽപ്പാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ നയാബസാറിലുള്ള കെട്ടിടത്തിലാണു മാവേലി സ്റ്റോറുള്ളത്. റോഡ് വികസനത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കാൻ തുടങ്ങി. എല്ലാ കെട്ടിട ഉടമകളോടും ഈ മാസത്തിനുള്ളിൽ ഒഴിയാനാണു അധികൃതർ നിർദേശിച്ചിട്ടുള്ളത്. ഇതിനുള്ളിൽ ഒഴിഞ്ഞു പുതിയ കെട്ടിടം കണ്ടെത്തണം.
എന്നാൽ ഇതുവരെ പുതിയ കെട്ടിടം കണ്ടെത്താനായില്ല. പഞ്ചായത്തിന്റെ കെട്ടിടത്തിൽ മാവേലി സ്റ്റോർ പ്രവർത്തിക്കുന്നതിനാൽ വാടക നൽകിയിരുന്നില്ല. പകരം കെട്ടിടം കണ്ടെത്താനായില്ലെങ്കിൽ മാവേലി സ്റ്റോർ അടച്ചിടേണ്ടി വരും. ഇതോടെ ഭക്ഷ്യ വകുപ്പിന്റെ സബ്സിഡിക്കായി സമീപ പഞ്ചായത്തുകളിലെ മാവേലി സ്റ്റോറുകളിൽ ആശ്രയിക്കണം. 25 വർഷത്തിൽ അധികം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നിട് ഈ കെട്ടിടം പൊളിച്ചു നീക്കിയപ്പോൾ പകരം സംവിധാനമില്ലാത്തിനാൽ പഞ്ചായത്തിന്റെ കെട്ടിടത്തിലേക്കു മാറ്റുകയായിരുന്നു.
പഞ്ചായത്ത് കെട്ടിടത്തിന്റെ 3 മുറികളിലായിരുന്നു ഇപ്പോൾ പ്രവർത്തിച്ചിരുന്നത്. കോവിഡിനു മുൻപ് മാസത്തിൽ 12 ലക്ഷത്തിലേറെ കച്ചവടമായിരുന്നു. ഇപ്പോൾ ദിവസത്തിൽ കാൽലക്ഷത്തോളം രൂപയുടെ കച്ചവടമാണ് നക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
മാവേലി സ്റ്റോറിനായി പുതിയ കെട്ടിടം കണ്ടെത്താൻ തുടങ്ങിയെങ്കിലും സ്വകാര്യ കെട്ടിടത്തിൽ വൻതുകയാണ് വാടക ചോദിക്കുന്നത്. ഇത്രയും വലിയ തുക സപ്ലൈകോ നൽകാൻ തയാറാകാത്തതാണു പുതിയ കെട്ടിടത്തിനു തടസ്സമാകുന്നത്. സ്ഥലം ഉടൻ കണ്ടെത്താനായില്ലെങ്കിൽ മാവേലി സ്റ്റോർ പഞ്ചായത്തിനു നഷ്ടമായേക്കും.