തെരഞ്ഞെടുപ്പിലുണ്ടായത് കനത്ത തോൽവിയെന്ന് മുസ്‍ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിന്‍റെ വിലയിരുത്തൽ. മുസ്‍ലിം ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താൻ പുതിയ കമ്മിറ്റികള്‍ രൂപീകരിക്കാനും യോഗത്തില്‍ ധാരണയായി. കഠിനാധ്വാനത്തിലൂടെ ലീഗിന് തിരിച്ചു വരാൻ കഴിയുമെന്ന് വിലയിരുത്തിയ പ്രവര്‍ത്തക സമിതി പക്ഷേ യു.ഡി.എഫിൻറെ തിരിച്ചുവരവില്‍ ആശങ്ക പ്രകടിപ്പിച്ചു.
യു.ഡി.എഫ് എന്ന മുന്നണി സംവിധാനം പഴയ തരത്തില്‍ ശക്തിയാര്‍ജ്ജിക്കുമോയെന്ന കാര്യത്തിലാണ് ലീഗ് സമിതി ആശങ്ക പ്രകടിപ്പിച്ചത്. കോൺഗ്രസിലെ തർക്കങ്ങളിലും പരസ്യപോരിലും ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. യു.ഡി.എഫ് നേതൃത്വം ഇങ്ങനെ പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ലീഗ് കൈയ്യും കെട്ടി കാഴ്ച്ചക്കാരായി നിൽക്കേണ്ട കാര്യമില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു.
അതേസമയം ഹരിതയില്‍ ഉണ്ടായ പൊട്ടിത്തെറിയും വിവാദങ്ങളും ചര്‍ച്ചക്കെടുത്ത പ്രവര്‍ത്തക സമിതി ഹരിതയുടെ സംഘടനാ പ്രവർത്തനത്തിൽ പുതിയ മാർഗരേഖ ഉണ്ടാക്കി. നിലവിലെ ഹരിതാ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതക്ക് സംസ്ഥാന – ജില്ലാ കമ്മിറ്റികളുണ്ടാകില്ല. പകരം കോളേജ് കമ്മിറ്റികൾ മാത്രമായി ഹരിതയെ പരിമിതപെടുത്തും. ഇതിന് പകരം യൂത്ത് ലീഗിലും, എം.എസ്.എഫിലും വനിതകൾക്കു ഭാരവാഹിത്വം നൽകാനും ലീഗ് നേതൃത്വം തീരുമാനിച്ചു.