കുമ്പള: ഡിഗ്രി, പ്ലസ് ടു പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത ആഡ് ഓൺ കോഴ്സുകളും കുമ്പള മഹാത്മ കോളേജിൽ നൽകിവരുന്നതായി പ്രിൻസിപ്പാൾ കെ.എം.എ സത്താർ, വൈസ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ഉളുവാർ എന്നിവർ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ ഇരുപത്തിയേഴു വർഷമായി വിദ്യാഭ്യാസ മേഖലയിൽ വലിയ സേവനം നടത്തി വരുന്ന മഹാത്മ കോളേജ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പുതിയ പാഠ്യ പദ്ധതികൾക്ക് അനുസൃതമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. പ്ലസ് ടു പൂർത്തിയാക്കുന്നവർക്കും ബിരുദധാരികൾക്കും സ്വദേശത്തും വിദേശത്തും എളുപ്പത്തിൽ തൊഴിൽ നേടാൻ പ്രാപ്തമായ ഡാറ്റാ സയൻസ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഇസ്ലാമിക് ബാങ്കിങ് തുടങ്ങി യൂനിവേഴ്സിറ്റി സർട്ടിഫിക്കറ്റുകൾ നൽകുന്ന പത്തോളം ന്യൂ ജെൻ കോഴ്സുകളാണ് നൽകുന്നത്. പുറമെ നിന്ന് പഠിക്കുമ്പോൾ അമ്പതിനായിരത്തോളം രൂപ ഫീസിനത്തിൽ മാത്രം ചെലവ് വരുന്ന ഈ കോഴ്സുകൾക്ക് മഹാത്മ കോളേജ് തുച്ഛമായ ഫീസ് മാത്രമാണ് ഈടാക്കുന്നതെന്ന് ഇരുവരും പറഞ്ഞു.
ഡിഗ്രി തലത്തിൽ ബി.കോം, ബി.ബി.എ, ബി.എ. ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ് കോഴ്സുകളും പ്ലസ് ടു തലത്തിൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ് കോഴ്സുകളുമാണ് മഹാത്മ കോളേജിലുള്ളത്. പ്ലസ് ടു ഡിഗ്രി പരീക്ഷകളിൽ നിരവധി വർഷങ്ങളായി എൺപത് ശതമാനത്തിലധികം റിസൾട്ട് നേടുന്ന മഹാത്മ കോളേജിന് മികവിനുള്ള അംഗീകാരമായി ഐ എസ് ഒ 2009-2015 സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്.