ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ് തൃണമൂലില്‍ ചേര്‍ന്നു; ലക്ഷ്യം ഗോവ തിരഞ്ഞെടുപ്പ്

0
255

കൊല്‍ക്കത്ത: മുന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിനിമാ താരങ്ങളായ നഫീസ അലിയ്ക്കും മൃണാളിനി ദേശ്പ്രഭുവിനും പിന്നാലെയാണ് ലിയാണ്ടര്‍ പേസും തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തത്. മമത ബാനര്‍ജി പേസിന് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

വരാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിനിമ, സ്‌പോര്‍ട്‌സ് രംഗത്തെ പ്രമുഖരെ മമത ബാനര്‍ജി സ്വന്തം ക്യാമ്പിലെത്തിക്കുന്നതെന്നാണ് സൂചന.

‘ഞാന്‍ ടെന്നീസില്‍ നിന്ന് വിരമിച്ചു. ഇനി എനിക്ക് രാഷ്ട്രീയത്തിലൂടെ ജനങ്ങളെ സേവിക്കണം. രാജ്യത്ത് മാറ്റങ്ങളുണ്ടാക്കണം. ദീദി (മമത ബാനര്‍ജി) യാണ് യഥാര്‍ഥ വിജയി’, പേസ് പറഞ്ഞു.

ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെയേ ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് മമത ബാനര്‍ജി പങ്കെടുക്കുന്ന പല പരിപാടികളും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഗോവ സന്ദര്‍ശനത്തിനിടയില്‍ സംസ്ഥാനത്തെ പ്രമുഖ ബുദ്ധിജീവികളുമായും പ്രൊഫഷണലുകളുമായും മമത കൂടിക്കാഴ്ച നടത്തും. ഗോവയിലെ ബി.ജെ.പിയുടെ കിരാത ഭരണത്തിന് അറുതി വരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ജനങ്ങളും തൃണമൂലിന്റെ ഭാഗമാവണമെന്ന് മമത അഭ്യര്‍ഥിച്ചിരുന്നു.

40 അംഗങ്ങളുള്ള ഗോവ നിയമസഭയില്‍ ബി.ജെ.പിക്ക് 17 ഉം കോണ്‍ഗ്രസിന് 15 ഉം അംഗങ്ങളാണുള്ളത്. സ്വതന്ത്രരുടെയും പ്രാദേശിക പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ബി.ജെ.പി സംസ്ഥാനം ഭരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here