അബുദാബി: എണ്ണയുടെ നാട്ടിൽ പെട്രോളിന് വിലകൂടിയതോടെ ഖുബ്ബൂസ് മുതൽ പച്ചക്കറിവരെയുള്ള ഒട്ടുമിക്ക സാധനങ്ങൾക്കും പൊള്ളുന്ന വില. മിക്കസാധനങ്ങളുടെയും വില 15 മുതൽ ഇരുപതുശതമാനം വരെ വർദ്ധിച്ചതോടെ എങ്ങനെ മുന്നോട്ടുപോകും എന്ന ആശങ്കയിലാണ് പ്രവാസികൾ. കൊവിഡ് വന്നതോടെ രണ്ടുവർഷമായി പല കമ്പനികളിലും ശമ്പള വർദ്ധനവില്ല. ചില കമ്പനികളിൽ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. കിട്ടുന്നതുകൊണ്ട് ഒരു തരത്തിൽ അഡ്ജസ്റ്റുചെയ്ത് മുന്നോട്ടുപോകുന്നതിനിടെയാണ് ഇരുട്ടടിപോലെ സാധനങ്ങളുടെ വിലകൂടിയത്. കുടുംബത്തോടൊപ്പം താമസിക്കുന്നവരെയാണ് വിലക്കയറ്റം ഏറെ വട്ടംകറക്കുന്നത്. അരി, മുളക്, പഞ്ചസാര, പാൽ, മുട്ട, കടല,പറയർ, സവാള, എണ്ണ, ഇറച്ചിയും ഇറച്ചിവിഭവങ്ങളും തുടങ്ങി നിത്യോപയോഗ സാധനങ്ങൾക്കാണ് ഏറെ വിലകൂടിയത്.
ഒരാഴ്ചയ്ക്കിടെയാണ് സാധനവില കുതിച്ചുകയറിയത്. വില വർദ്ധനയ്ക്ക് പല കാരണങ്ങളാണ് കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നത്. വിവിധ രാജ്യങ്ങളിൽ ഉല്പാദനം കുറഞ്ഞതും യാത്രാ പ്രശ്നം മൂലം വിവിധ രാജ്യങ്ങളിലേക്കു പോയ കണ്ടെയ്നറുകൾ കുടുങ്ങിയതും ചരക്കുകൂലി കൂട്ടിയതും, പെട്രോൾ വില വർദ്ധനയുമാണ് പ്രധാന കാരണങ്ങളായി അവർ പറയുന്നത്. യാത്രവിലക്കുള്ള രാജ്യങ്ങളിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ സാധനങ്ങൾ എത്തിക്കേണ്ടിവരുന്നതും ചെലവുകൂട്ടുന്നതായി ഇവർ പറയുന്നു. ഇനിയും വില വർദ്ധിച്ചേക്കുമെന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന.
വില കുത്തനെ കയറിയതോടെ വില കൂട്ടാതെ തൂക്കം കുറയ്ക്കുന്ന വഴിയും കച്ചവടക്കാർ പരീക്ഷിക്കുന്നുണ്ട്. പ്രവാസികളുടെ പ്രധാന ആഹാരമായ ഖുബ്ബൂസിന്റെ ഒരുപാക്കറ്റിൽ ആറെണ്ണമാണ് നേരത്തേ ഉണ്ടായിരുന്നത്. അതിപ്പോൾ നാലെണ്ണമായി കുറച്ച് പഴയ വിലയ്ക്കുതന്നെ വിൽക്കുകയാണ് ചില കച്ചവടക്കാർ ചെയ്യുന്നത്.
വാരാന്ത്യങ്ങളിൽ സൂപ്പർ, ഹൈപ്പർമാർക്കറ്റുകളുടെ ആദായവിൽപനയിൽ കൂടുതൽ സാധനങ്ങൾ വാങ്ങിയും ആഹാരത്തിലെ വിഭവങ്ങളുടെ എണ്ണം കുറച്ചുമാണ് പ്രവാസികൾ ഇപ്പോൾ ഒരുതരത്തിൽ പിടിച്ചുനിൽക്കുന്നത്. വില്ലകളിലും മറ്റും താമസിക്കുന്നവർ ഒന്നിച്ച് പാചകം നടത്തിയും വിലകുറയ്ക്കാനുള്ള വഴി കണ്ടെത്തുന്നുണ്ട്. എന്നിരുന്നാലും ഇങ്ങനെ എത്രനാൾ മുന്നോട്ടുപാേകാൻ ആവുമെന്നാണ് അവർ ചോദിക്കുന്നത്.