അറബിക്കടലില്‍ ന്യൂനമര്‍ദം ദുര്‍ബലമായെങ്കിലും സംസ്ഥാനത്ത് പല ജില്ലകളിലും മഴ തുടരുന്നു. കോഴിക്കോട് കിഴക്കന്‍ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. തിരുവമ്പാടി അങ്ങാടിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കോടഞ്ചേരി ചെമ്പുകടവില്‍ മലവെള്ളപ്പാച്ചിലുണ്ടായതായണ് വിവരം. കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂര്‍ പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
നേരത്തെ തന്നെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്ന കോഴിക്കോട് ജില്ലയില്‍ വൈകിട്ടോടെയാണ് മഴ ശക്തമായത്. വൈകിട്ട് ആറുമണിക്ക് ശേഷമാണ് ജില്ലയുടെ വിവിധയിടങ്ങളില്‍ മഴ ശക്തിപ്രാപിച്ചത്. കോടഞ്ചേരി നെല്ലിക്കാംപൊയില്‍-ആനക്കാംപൊയില്‍ റോഡിലാണ് ഗതാഗതം തടസപ്പെട്ടത്. അതിനിടെ തിരുവമ്പാടിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനുമുകളില്‍ തെങ്ങുമറിഞ്ഞുവീണു. മുക്കം ഫയര്‍ഫോഴ്‌സ് എത്തിയാണ് തെങ്ങ് മുറിച്ചുമാറ്റിയത്. ആളപായമില്ല.
കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലും അതിശക്തമായ മഴ തുടരുകയാണ്. കൊന്നക്കാട് കൂളിമടയില്‍ നിന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചെറുപുഴ-ചിറ്റാരിക്കല്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസപ്പെട്ടു.