ദില്ലി: കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന നിലപാട് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ആവര്‍ത്തിച്ച് കേരളഘടകം. കോണ്‍ഗ്രസ് സഹകരണം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും വര്‍ഗീയതയ്ക്ക് കീഴടങ്ങിയ നിലപാടാണ് കോണ്‍ഗ്രസിന്‍റേതെന്നും കേരളഘടകം യോഗത്തില്‍ വിശദീകരിച്ചു. അടവുനയം നിലനിര്‍ത്തണമെന്നാണ് സിസിയില്‍ ഉയര്‍ന്ന പൊതുഅഭിപ്രായം. കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് ആകരുത് സഖ്യമെന്നും പ്രാദേശിക, മതേതര കക്ഷികളെയും ചേര്‍ത്താകണം സഖ്യമെന്നും കേരളഘടകം സിസിയില്‍ ആവശ്യപ്പെട്ടു.
പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള പിബി നേതാക്കളും തെലങ്കാന, ആന്ധ്രാ ഘടകങ്ങളും കേരളത്തിന്‍റെ നിലപാടിനെയാണ് പിന്തുണയ്ക്കുന്നത്. എന്നാൽ കോൺഗ്രസുമായുള്ള സഖ്യം ബിജെപിയെ നേരിടുന്ന മതേതര ചേരിയെ ശക്തിപ്പെടുത്തുമെന്നതാണ് ബംഗാളിന്റെ നിലപാട്. പൊളിറ്റ് ബ്യൂറോ യോഗത്തിൽ വിഷയം ചർച്ചയ്ക്ക് എടുത്തപ്പോള്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇതിനെ പിന്തുണച്ചിരുന്നു. വരുന്ന തെരഞ്ഞെടുപ്പുകളിലടക്കം സഖ്യം തീരുമാനിക്കുന്നതിൽ കേന്ദ്ര കമ്മിറ്റിയിലെ ചർച്ച നിർണ്ണായകമാകും. കേന്ദ്ര കമ്മിറ്റിയുടെ ആദ്യ ദിനമായ ഇന്നലെ രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയുടെ കരട് ജനറല്‍ സെക്രട്ടറി യോഗത്തിൽ വച്ചിരുന്നു.