കുടുംബത്തില്‍ അഞ്ച് വോട്ടര്‍മാര്‍; തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് ഒരു വോട്ട്

0
339

ചെന്നൈ: തെരഞ്ഞെടുപ്പ് തോൽവിയും വിജയവുമെല്ലാം സാധാരണമാണ്. എന്നാൽ ഈ വാർത്ത വായിച്ചാൽ ഇത്തിരി അതിശയോക്തിയോടെ ആരും ചോദിച്ചു പോകും, ഇങ്ങനെയൊക്കെ തോൽക്കാമോയെന്ന്. തമിഴ്നാട്ടിൽ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റുപോയൊരു സ്ഥാനാർത്ഥിയെ കുറിച്ചുള്ള രസകരമായ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.

ബിജെപി സ്ഥാനാർത്ഥിയായ ഡോ. കാർത്തിക് പെരിയനായ്ക്കൻ പാളയത്തിലെ വാർഡ് മെമ്പറാകാനാണ് മത്സരിച്ചത്. പക്ഷെ അദ്ദേഹത്തിന് ആകെ ലഭിച്ചതാകട്ടെ ഒരു വോട്ടാണ്. അഞ്ച് പേരുള്ള കുടുംബത്തിലെ മറ്റാരുടെയും വോട്ട് കാർത്തികിന് ലഭിച്ചില്ല. സ്വന്തം വോട്ട് മാത്രമാണ് ലഭിച്ചതെന്നാണ് ട്വിറ്ററിൽ സംഭവത്തെ കുറിച്ച് പലരുടെയും ട്വീറ്റ്. ഇന്ത്യൻ എക്സ്പ്രെസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സംഭവത്തിന്റെ വാർത്ത ട്വിറ്ററിൽ ഇതിനോടകം ട്രെൻഡിങ് ആയിക്കഴിഞ്ഞു. #Single_Vote_BJP എന്ന ടാഗാണ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. രസകരമായ പ്രതികരണങ്ങളും ഇത് സംബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്. അഞ്ചംഗങ്ങളുള്ള കുടുംബത്തിലെ മറ്റുള്ള നാല് പേരെ കുറിച്ചോർത്ത് അഭിമാനം തോന്നുന്നുവെന്നാണ് സന്നദ്ധ പ്രവർത്തകയായ മീന കന്തസാമിയുടെ ട്വീറ്റ്.  ബിജെപിയെ ഇങ്ങനെയാണ് തമിഴ്നാട് എതിരേൽക്കുന്നത് എന്നായിരുന്നു കോൺഗ്രസ് നേതാവ് അശോക് കുമാറിന്റെ പ്രതികരണം.

തമിഴ്നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ ആറ്, ഒമ്പത് തിയതികളിലാണ്  നടന്നത്. ആകെ 27,003 വാർഡുകളിലേക്ക് 79,433 സ്ഥാനാർത്ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here