കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിക്ക് ഉപാധികളോടെ ജാമ്യം

0
234

ബെംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി നാളെ ഒരുവര്‍ഷം പൂര്‍ത്തിയാകാനിരിക്കവേയാണ് ബിനീഷിന് ജാമ്യം ലഭിച്ചിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനീഷിന് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ വാദം ഉന്നയിച്ചത്. എന്‍സിബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് എന്‍ഫോഴ്സ്മെന്‍റിന്‍റെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വാദം.

കോടിയേരി ബാലകൃഷ്ണന്‍റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നായിരുന്നു കോടതിയില്‍ തുടക്കം മുതലേ ബിനീഷിന്‍റെ നിലപാട്. ഡ്രൈവര്‍ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ലെന്നും ബിനീഷ് വ്യക്തമാക്കിയിരുന്നു. അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ല. ഏഴുലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടന്‍ നിക്ഷേപിച്ചത്. മറ്റ് ഇടപാടുകള്‍ ഒന്നും തന്‍റെ അറിവോടെയല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു.

എന്നാല്‍ ബിനീഷ് കോടിയേരിക്ക് ലഹരി ഇടപാടില്‍ പങ്കുണ്ടെന്നാണ് ഹൈക്കോടതിയില്‍ ഇഡി വാദിച്ചത്. ബിനീഷിന്‍റെ അക്കൗണ്ടിലെത്തിയത് ലഹരി ഇടപാടിലെ ലാഭമാണെന്നായിരുന്നു ഇഡിയുടെ വാദം. പച്ചക്കറി കച്ചവടം കൊണ്ട് ആറുകോടി അക്കൗണ്ടിലെത്തുമോ?. ബി ക്യാപിറ്റല്‍ കമ്പനികളുടെ പിന്നില്‍ വന്‍ ഗൂഡാലോചനയാണ്.  ബിനീഷിന്‍റെ ഡ്രൈവര്‍ അനിക്കുട്ടന്‍ സുഹൃത്ത് അരുണ്‍ എന്നിവരെ പല തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരാകാത്തത് ദുരൂഹമാണ്. വായ്പ എടുത്താണ് അനൂപിന് പണം നല്‍കിയതെന്ന വാദം വിചിത്രമെന്നും ഇഡി വാദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here