കോട്ടയത്തും പാലായിലും കനത്ത മഴയേത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളേക്കുറിച്ച് വര്‍ഗീയ പരാമര്‍ശത്തോട് കൂടിയുള്ള പോസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങി കെ ടി ജലീൽ എംഎല്‍എ. കെ ടി ജലീലിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്‍റെ പേരില്‍ നടക്കുന്ന പ്രചാരണത്തേക്കുറിച്ച് ജലീല്‍ തന്നെയാണ് പ്രതികരിച്ചത്. ഒരു സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് ലഭിച്ച ശിക്ഷയാണ് പാലായില്‍ പെയ്തിറങ്ങിയ ദുരിതം എന്ന ഉള്ളടക്കത്തോടെ തന്‍റെ ഫേസ്ബുക്ക് പേജിന്‍റെ പേരില്‍ നടക്കുന്ന പ്രചാരണത്തിന്‍റെ ചിത്രവും ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.
ഇത് പ്രളയ ജിഹാദ് എന്ന് മാത്രം ഇനി പറയരുത് എന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എയുടെ പേരിലെന്ന രീതിയില്‍ പ്രചരിക്കുന്ന കുറിപ്പ് അവസാനിക്കുന്നത്. ദുരന്തമുഖത്ത് മതം ചികയുന്നവനെക്കാൾ വലിയ ഹൃദയശൂന്യൻ മറ്റാരുണ്ട്? ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയത്. എന്നാല്‍ രൂക്ഷമായ പ്രതികരണമാണ് എംഎല്‍എയുടെ പോസ്റ്റിന് ലഭിക്കുന്നതില്‍ ഏറെയും.
സൈബര്‍ പേജ് ഹാക്ക് ചെയ്തുവെന്ന നാടകമാണ് ജലീലിന്‍റേതെന്നും എംഎല്‍എ ഇട്ടില്ലെങ്കിലും അണികള്‍ സമാന പോസ്റ്റുകള്‍ ഇടുന്നുണ്ടെന്നുമാണ് വ്യാപകമായി ലഭിക്കുന്ന പ്രതികരണം. സ്വന്തമായി പോസ്റ്റ് ഇട്ട് അത് വിവാദം ആയാപ്പോൾ സ്ക്രീൻ ഷോട്ട് എടുത്ത് വേറെ ആരോ ഇട്ട പോസ്റ്റ് എന്നുപറഞ്ഞ് നിയമനടപടി സ്വീകരിക്കും എന്ന് ആരോപിച്ച് തടിതപ്പാനുള്ള ശ്രമമാണ് എംഎല്‍എയുടേതെന്നും പോസ്റ്റിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.