ഇരുചക്ര വാഹനങ്ങളില്‍ കുടചൂടിയുള്ള യാത്ര ശിക്ഷാര്‍ഹം; ഉത്തരവിറക്കി

0
267

ഇരുചക്ര വാഹനങ്ങളിൽ കുടപിടിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ നിയമനടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കുടയുമായി ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നത്‌ അപകടം വിളിച്ചുവരുത്തുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ നീക്കം. മഴക്കാലത്തടക്കം പൊതുനിരത്തില്‍ കുടയുമായി വാഹനം ഓടിക്കുന്നവരുടെയും പിൻസീറ്റിൽ യാത്ര ചെയ്യുന്നവരുടെയും എണ്ണം സംസ്ഥാനത്ത് അനുദിനം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് ഗതാഗത വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചിരിക്കുന്നത്.

മോട്ടോർ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധനയില്‍ ഇത്തരം പ്രവണത സൂക്ഷ്മമായി നിരീക്ഷിക്കാനും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനും ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ ടി.സി വിനേഷ് പുറത്തിറക്കിയ സർക്കുലറിൽ നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ കുടചൂടിയുള്ള യാത്രയുടെ അപകടത്തെക്കുറിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം നൽകണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

കുടപിടിച്ച് ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നത് 1988ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 184 (എഫ്) അനുസരിച്ച് ശിക്ഷാർഹവും 2017ലെ മോട്ടോർ വാഹന ഡ്രൈവിംഗ് നിയന്ത്രണങ്ങളിലെ 5(6), 5(17) എന്നിവയുടെ ലംഘനവുമാണ്. ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 177 എ പ്രകാരം ശിക്ഷ നൽകാവുന്നതാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.

മഴയത്ത് ഇരുചക്ര വാഹനങ്ങളില്‍ പോകുമ്പോള്‍ പിന്നിലിരിക്കുന്നവര്‍ കുടചൂടി പോകുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണ്. ഇത്തരത്തില്‍ കുട പിടിച്ച് യാത്ര ചെയ്യുന്നത് വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്. ഇതിനെതിരെ ബോധവത്കരണവുമായി സംസ്ഥാന മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് നേരത്തെ രംഗത്ത് വന്നിരുന്നു . യാത്രയ്ക്കിടെ കുട നിവര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന പാരച്യൂട്ട് ഇഫ്ക്ട് അങ്ങേയറ്റം അപകടകരമാണെന്നും കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓര്‍മപ്പെടുത്തുന്നു.

ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

മരണത്തിലേക്ക് വലിക്കുന്ന മറക്കുടകൾ ഇരുചക്ര വാഹനം ഓടിക്കുന്നവരോ പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്നവരോ കുട തുറന്ന് പിടിച്ച് യാത്ര ചെയ്യുന്നത് അത്യന്തം അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അടുത്തിടെ ഇങ്ങിനെ അപകടത്തിൽ പെടുന്നത് വർദ്ധിച്ചിരിക്കുന്നു. കുട പിടിച്ച് നടന്നു പോകുമ്പോൾ പോലും കാറ്റടിച്ചാൽ നമ്മുടെ നിയന്ത്രണത്തിന്‍റെ അപ്പുറത്തേക്ക് പോകുന്നത് നമുക്ക് അനുഭവമുളളതാണ്. കുട ഉണ്ടാക്കുന്ന പാരച്യൂട്ട് ഇഫക്ട് പ്രവചനാതീതമാണ്. വാഹനം സഞ്ചരിക്കുന്ന സമയം ഇത് അത്യന്തം അപകടകരമായ അവസ്ഥ വിശേഷമാണ് ഉണ്ടാക്കുക. വാഹനം സഞ്ചരിക്കുന്നതിന്‍റെ എതിർ ദിശയിലാണ് കാറ്റടിക്കുന്നതെങ്കിൽ വാഹനത്തിന്‍റെ വേഗതയും കാറ്റിന്‍റെ വേഗതയും കൂട്ടുമ്പോൾ ആകെ കിട്ടുന്ന വേഗതയിലായിരിക്കും അത് അനുഭവപ്പെടുന്നത്. ഉദാഹരണത്തിന് വാഹനത്തിന്‍റെ വേഗത മണിക്കൂറിൽ 40 കി.മീറ്ററും കാറ്റിന്‍റേത് 30 കി.മീറ്ററും ആണെന്നിരിക്കട്ടെ എങ്കിൽ അത് കുടയിൽ ചെലുത്തുന്നത് മണിക്കൂറിൽ 70 കി.മീ വേഗതയിലായിരിക്കും. കുടയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് ഇത് സൃഷ്ടിക്കുന്ന മർദ്ദവും (Drag effect) കൂടും. ഒരു മനുഷ്യനെ പറത്തിക്കൊണ്ട് പോകാൻ അത് ധാരാളം മതിയാകും. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാകാനും ഇത് ഇടയാക്കും മാത്രവുമല്ല ഓടിക്കുന്ന ആൾ തന്നെയാണ് കുട പിടിക്കുന്നതെങ്കിൽ അത് മൂലമുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകളും ഈ നിയന്ത്രണ നഷ്ടം ഇരട്ടിക്കുന്നതിനിടയാക്കും… സുരക്ഷിതമാകട്ടെ നമ്മുടെ യാത്രകൾ.

LEAVE A REPLY

Please enter your comment!
Please enter your name here