തിരുവനന്തപുരം: ഇന്ധനവില പതിവുപോലെ ഇന്നും കൂട്ടി. പച്ചക്കറിക്കും പൊള്ളുന്ന വില. സിമന്റ് വിലയും കുതിച്ചുയരുന്നു. വിലയില്ലാത്തത് മനുഷ്യനു മാത്രമായി. അതുകൊണ്ടാണല്ലോ കേന്ദ്രമന്ത്രിമാര്‍ തന്നെ മനുഷ്യരെ പച്ചക്കു കാറു കയറ്റികൊല്ലുന്നത്. മന്ത്രി പുത്രന്‍ തന്നെ പച്ച മാംസത്തിലേക്ക് വെടിയുതിര്‍ക്കുന്നത്. എങ്കിലും ഇഞ്ചിഞ്ചായി കൊല്ലാതെ ഒറ്റയടിക്കങ്ങ് കൊന്നുകൂടെ എന്നാണിപ്പോള്‍ ജനം ചോദിക്കുന്നത്.
തലസ്ഥാനത്ത് പെട്രോള്‍ വില 105 കടന്നു. 105.48 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 98.78 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 103.42 രൂപയും ഡീസലിന് 96.80 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 103.72 രൂപയായി. ഡീസല്‍ വില 97.14 രൂപയാണ്.
സവാള, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് ഇരട്ടിയോളമാണ് വില വര്‍ധിച്ചത്. ഇന്ധന, പാചക വാതക വില വര്‍ധനവിനുപിന്നാലെയാണ് നിത്യോപയോഗ സാധനങ്ങള്‍ക്കും തീവിലയായത്.
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കിലോയ്ക്ക് 30 രൂപ വിലയുള്ള സവാള ചില്ലറ വില്‍പ്പനയ്ക്കായെത്തുമ്പോള്‍ 50 രൂപയാണ്. കൊച്ചിയില്‍ കഴിഞ്ഞ മാസം സവാളയുടെ കോലോ വില 25 രൂപയായിരുന്നു. ഇന്നത്തെ വില 50. തക്കാളിയുടെ വിലയും 30ല്‍ നിന്ന് 60ലേക്ക് കുതിച്ചു. ക്യാരറ്റിനും(60) മുരിങ്ങക്കയ്ക്കും(80) വില ഇരട്ടിയായിട്ടുണ്ട്.
രണ്ടാഴ്ച കൊണ്ടാണ് പച്ചക്കറികളുടെ വില കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും വര്‍ഷാവസാനം ഉള്ളിവില 100 കടന്നിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതും പ്രതികൂല കാലാവസ്ഥയും വില കൂടാന്‍ കാരണമായിട്ടുണ്ട്.
സിമന്റിന് നാലു ദിവസത്തിനിടെ ചാക്കൊന്നിന് 125 രൂപ വര്‍ധിച്ചു. ഇപ്പോള്‍ 525 രൂപയാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ സജീവമായ നിര്‍മാണ മേഖലയെ സിമന്റ് വില വര്‍ധന പ്രതിസന്ധിയിലാക്കുകയാണ്. കമ്പി, മെറ്റല്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ക്കു പിന്നാലെയാണ് സിമന്റിനും വിലയും ഉയര്‍ന്നത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഇന്ധന വിലക്കയറ്റവുമാണ് വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നല്‍കുന്ന വിശദീകരണം.
ഈ വര്‍ഷം തുടക്കത്തില്‍ 50 കിലോയുള്ള ഒരു ചാക്ക് സിമന്റിന് 380 രൂപയായിരുന്നു ചില്ലറ വില. ഫെബ്രുവരി അവസാനം മുതല്‍ കമ്പനികള്‍ ഘട്ടംഘട്ടമായി വില കൂട്ടി. മാസങ്ങളോളം 400 രൂപയായിരുന്നു വില. ശനിയാഴ്ച മുതലാണ് വിലവര്‍ധന തുടങ്ങിയത്.
മറ്റ് പച്ചക്കറികള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വില വര്‍ധനവുണ്ടായതായി വ്യാപാരികള്‍ പറയുന്നു. വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
ഇന്ധന വില വര്‍ധനക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വില കുറക്കാനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
വില കുറയാന്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.