റിയാദ്: സൗദി അറേബ്യയിൽ അഞ്ച് വർഷം മുമ്പ് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ ഘാതകർക്ക് വധശിക്ഷ തന്നെ. നേരത്തെ സൗദി ശരീഅ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ നഗരത്തിലെ വാർക്ക്ഷോപ്പ് ഏരിയയിൽ മുനിസിപ്പാലിറ്റി മാലിന്യപെട്ടിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട്, കൊടുവള്ളി, മുക്കിലങ്ങാടി സ്വദേശി ഷമീറിന്റെ ഘാതകരായ രണ്ട് മലയാളികൾക്കും നാല് സൗദി പൗരന്മാർക്കും ജുബൈൽ കോടതി വിധിച്ച വധശിക്ഷയാണ് ദമ്മാമിലെ അപ്പീൽ കോടതി ശരിവെച്ചത്.
അൽ-ഖോബാറിൽ ഡ്രൈവറായിരുന്ന തൃശുർ കൊടുങ്ങല്ലുർ ഏറിയാട് സ്വദേശി ചീനികപ്പുറത്ത് നിസാം സാദിഖ് (29), കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്‍മൽ, നാല് സൗദി യുവാക്കൾ എന്നിവരാണ് പ്രതികൾ. ഈ ആറുപേരെയും വധശിക്ഷക്ക് വിധേയമാക്കണമെന്നാണ് വിധി. അഞ്ചുവർഷം മുമ്പ് ചെറിയ പെരുന്നാളിന്റെ തലേദിവസം പുലർച്ചെയാണ് ഷെമീറിന്റെ മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിൽ മാലിന്യപ്പെട്ടിക്ക് സമീപം കണ്ടെത്തിയത്.
മുന്ന് ദിവസം മുമ്പ് കാണാതായ ഷെമീറിനെ ബന്ധുക്കളും പൊലീസും തിരയുന്നതിനിടയിലാണ് മൃതദേഹം കെണ്ടത്തിയത്. ശരീരത്തിലെ മർദ്ദനമേറ്റ പാടുകളും മൃതദേഹം കണ്ടെത്തിയ സാഹചര്യങ്ങളും ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിലെത്തിച്ചിരുന്നു. വൈകാതെ ആറു പ്രതികളെയും സൗദി പൊലീസ് പിടികൂടി. ഹവാല പണം ഏജന്റായിരുന്ന ഷെമീറിൽ നിന്ന് പണം കവരുന്നതിന് വേണ്ടി സൗദി യുവാക്കൾ ഇയാളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
എന്നാൽ പണം കണ്ടെത്താൻ കഴിയാതിരുന്നതോടെ മുന്നു ദിവസത്തോളം ഇയാളെ പീഡിപ്പിച്ചു. ഇതിനിടയിൽ മരണം സംഭവിച്ചതായാണ് കരുതുന്നത്. പണം കവരുന്ന സ്വദേശി സംഘത്തിന് ആവശ്യമായ വിവരങ്ങൾ കൈമാറിയിരുന്നത് മലയാളികളായ നിസാം, അജ്‍മൽ എന്നിവർ ആയിരുന്നെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.